തൊടുപുഴ: കാരിക്കോട് ജില്ല ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൾട്ടന്‍റിനെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. ഗർഭപാത്രം നീക്കംചെയ്ത യുവതിക്ക് തുടർ ചികിത്സ നൽകുന്നതിനായി 5000 രൂപ കൈക്കൂലി ആവശ്യപ്പെട്ട പാലക്കുഴ അർച്ചന ഭവനിൽ ഡോ. മായ രാജാണ് അറസ്റ്റിലായത്.
യുവതിയുടെ ഭർത്താവിൽനിന്ന് 3500 രൂപ വാങ്ങുന്നതിനിടെ ഇവരെ വിജിലൻസ് പിടികൂടുകയായിരുന്നു. വഴിത്തല ഇരുട്ടുതോട് സ്വദേശിയുടെ ഭാര്യയെ ചികിത്സിക്കുന്നതിനാണ് ഇവർ പണം ആവശ്യപ്പെട്ടത്. ഡോക്ടറുടെ പാലക്കുഴയിലെ വീട്ടിലെത്തിയാണ് ഇവർ ആദ്യം ചികിത്സതേടിയത്. അന്ന് ശസ്ത്രക്രീയ ഫീസെന്ന പേരിൽ 500 രൂപ വാങ്ങി. തുടർന്ന് 19ന് ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കംചെയ്തു. എന്നാൽ, തുടർചികിത്സ നൽകണമെങ്കിൽ 5000 രൂപ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്.
വ്യാഴാഴ്ച വൈകീട്ട് വിജിലൻസ് നൽകിയ 3500 രൂപ പരാതിക്കാരൻ ഡോക്ടറുടെ വീട്ടിലെത്തിച്ചുനൽകി. ഇത് വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ഇവരെ പിടികൂടുകയായിരുന്നു. വിജിലൻസ് ഡിവൈ.എസ്.പി ഷാജു ജോസ്, സി.ഐമാരായ ഡിക്‌സൺ തോമസ്, മഹേഷ് പിള്ള, കെ.ആർ. കിരൺ, കെ.ജി. സഞ്ജയ്, സ്റ്റാൻലി തോമസ്, ഷാജി കുമാർ, സനൽ ചക്രപാണി, കെ.എൻ. സന്തോഷ്, കൃഷ്ണകുമാർ, രഞ്ജിനി, ജാൻസി, സുരേഷ് കുമാർ, സന്തീപ് ദത്തൻ, ബേസിൽ പി. ഐസക്, മൈതീൻ, നൗഷാദ്, അജയ് ചന്ദ്രൻ, അരുൺ രാമകൃഷ്ണൻ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.