നെടുമ്പാശ്ശേരി: റൺവേയിലേക്ക് വെള്ളം കയറിയതുമൂലം യഥാസമയം വിമാനമിറങ്ങാനാവാതെ വന്നതിനെത്തുടർന്ന് ഹജ്ജിന് പുറപ്പെടാൻ വൈകിയ ഹാജിമാർ വലഞ്ഞു. വ്യാഴാഴ്ച വൈകീട്ട് 5.30 നാണ് 410 ഹാജിമാർ പുറപ്പെടേണ്ടിയിരുന്നത്. ഇവരുടെ വിമാനം ജിദ്ദയിൽ നിന്ന് എത്തിയെങ്കിലും റൺവേ അടച്ചതിനാൽ തിരിച്ചുപോകേണ്ടതായി വന്നു. പിന്നീട് വെള്ളിയാഴ്ച പുലർച്ച 3.30ന് വിമാനം പുറപ്പെടുമെന്നറിയിച്ചിരുന്നു. ഇതനുസരിച്ച് ഹാജിമാർ ഇഹ്റാമിൽ പ്രവേശിച്ചുകഴിഞ്ഞപ്പോഴാണ് വിമാനത്തിന് ജിദ്ദയിൽ പാർക്കിങ് ബേ ലഭിക്കില്ലെന്നറിഞ്ഞത്.
തുടർന്ന് ഇവരെ ഹജ്ജ് ക്യാമ്പിൽതന്നെ താമസിപ്പിക്കുകയായിരുന്നു. രാത്രിയോടെ ആദ്യമെത്തുന്ന വിമാനത്തിൽ ഇവരെ ജിദ്ദയിലെത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. റൺവേയിൽ വെള്ളം കയറിയതിനെത്തുടർന്നാണ് രണ്ട് മണിക്കൂറോളം വ്യാഴാഴ്ച റൺവേ അടച്ചിട്ടത്. തുടർന്ന് ഹാജിമാരെ തിരുവനന്തപുരം വിമാനത്താവളം വഴി യാത്രയാക്കാൻ സജ്ജീകരണമെല്ലാം ഏർപ്പെടുത്തിയപ്പോഴേക്കും വിമാനത്താവളത്തിലെ റൺവേ തുറക്കുകയായിരുന്നു. ഈ മാസം 16 വരെ മാത്രമേ ഹജ്ജ് ടെർമിനലിൽ വിമാനമിറങ്ങാൻ അനുവദിക്കൂ. അതിനാൽ വരും ദിവസങ്ങളിലും ഹജ്ജ് വിമാനം പുറപ്പെടാൻ എന്തെങ്കിലും തടസ്സമുണ്ടായാൽ ഹാജിമാരെ തിരുവനന്തപുരം വഴി യാത്രയാക്കുമെന്ന് ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ്കുഞ്ഞ് മൗലവി അറിയിച്ചു.
13ന് മൂന്ന് വിമാനം
നെടുമ്പാശ്ശേരി: ഈ മാസം 13ന് നെടുമ്പാശ്ശേരിയിൽനിന്ന് ഹജ്ജിന് മൂന്ന് വിമാനങ്ങളുണ്ടാകും. നേരേത്ത ക്രമീകരിച്ച ഷെഡ്യൂളിന് പുറെമ ശേഷിക്കുന്ന 150 ഹാജിമാർക്കുവേണ്ടിയാണ് മറ്റൊരു വിമാനം കൂടിയെത്തുന്നത്. ഈ വിമാനത്തിൽ മുംബൈയിൽനിന്നുള്ള ഹാജിമാരുമുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.