കോഴിക്കോട്: സൗദി ഹജ്ജ് മന്ത്രാലയം ഈ വർഷത്തെ ഹജ്ജ് നടപടികൾ താൽക്കാലികമായി നിർത്തിവെച്ച സാഹചര്യത്തിൽ യാത്ര റദ്ദാക്കുന്ന അപേക്ഷകർക്ക് അടച്ചതുക തിരിച്ചുനൽകും. ഇതുസംബന്ധിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്സി. ഓഫിസർ ഡോ. മഖ്സൂദ് അഹമ്മദ് ഖാെൻറ അറിയിപ്പ് ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി ‘മാധ്യമ’ത്തോട് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ടാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉത്തരവിറക്കിയത്. ഇന്ത്യയിൽ നിന്ന് ഹജ്ജ് വിമാന സർവിസ് ജൂൺ മധ്യത്തോടെ ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ കോവിഡ് പടരുന്ന സാഹചര്യത്തിൽ മാസങ്ങളായി സൗദി മന്ത്രാലയത്തിൽനിന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. മാർച്ച് 13ന് ലഭിച്ച അവസാന അറിയിപ്പിൽ കോവിഡ് മൂലം ഒരുക്കങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയാണെന്നാണ് വ്യക്തമാക്കിയിരുന്നത്. പിന്നീട് മറ്റ് അറിയിപ്പുകളൊന്നും ലഭിച്ചില്ല.
ഈ സാഹചര്യത്തിൽ ഹജ്ജ് നടക്കാനിടയില്ലെന്ന് ബോധ്യമായതിനാലാണ് തുക തിരിച്ചുനൽകുന്നത്. റദ്ദാക്കുന്നവർക്ക് അപേക്ഷഫോറത്തിലെ അക്കൗണ്ടിലേക്കാണ് പണം നൽകുക. ഹജ്ജ് കമ്മിറ്റി സൈറ്റിലുള്ള ഫോമിലാണ് റദ്ദാക്കാൻ അപേക്ഷ നൽകേണ്ടത്. ഈ വർഷം തെരഞ്ഞെടുക്കപ്പെട്ടവർ രണ്ടുലക്ഷം രൂപയാണ്അടച്ചത്. അതേസമയം, റദ്ദാക്കാൻ അപേക്ഷിക്കാത്തവരുടെ സംഖ്യ എന്തു ചെയ്യുമെന്ന് ഉത്തരവിൽ ഇല്ല.
ഇന്ത്യയിൽനിന്ന് ഈവർഷം രണ്ടു ലക്ഷത്തോളം പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിൽനിന്ന് 11,000 പേർ. ഇത്തവണ തെരഞ്ഞെടുക്കപ്പെട്ട മുഴുവൻ പേർക്കും അടുത്ത തവണ അവസരം നൽകണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര സർക്കാറിനോട് അഭ്യർഥിച്ചിട്ടുണ്ടെന്ന് സി. മുഹമ്മദ് ഫൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.