കോഴിക്കോട്: കോവിഡ് രണ്ടാം ഘട്ടത്തിൽ മനുഷ്യർ ഓക്സിജനു വേണ്ടി ക്യൂവിൽ ശ്വാസം മുട്ടി പിടഞ്ഞുമരിച്ചു വീഴുേമ്പാൾ തികഞ്ഞ നിസ്സംഗത മാത്രം കാഴ്ചവെക്കുന്ന കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി വെൽഫയർ പാർട്ടി സംസ്ഥാന പ്രസിഡന്‍റ് ഹമീദ് വാണിയമ്പലം.
ശ്വാസം മുട്ടി പിടഞ്ഞുമരിക്കാൻ നമുക്കെന്തിന് ഒരു കേന്ദ്രഭരണമെന്ന് അദ്ദേഹം ചോദിച്ചു. കോവിഡിന്‍റെ രണ്ടാം വരവ് കൂടുതൽ ഭീതിതമാണ്. മൂന്ന് ലക്ഷമായിരിക്കുന്നു പ്രതിദിന നിരക്ക്. ഇത് ലോകത്ത് തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്. കേന്ദ്ര സർക്കാർ പകച്ചു നിൽക്കുകയാണ്. ഒന്നാം ഘട്ടത്തിൽ നിന്നും പാഠം പഠിക്കാനോ പ്രതിരോധത്തിന് പദ്ധതികൾ ആവിഷ്കരിക്കാനോ കഴിയാത്തതിലുള്ള ജാള്യതയിലാണ് നരേന്ദ്ര മോദിയും അമിത്ഷായുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രണ്ടാം ഘട്ടമായിട്ടും പുതിയ ഓക്സിജൻ പ്ലാന്‍റുകൾ എവിടെ?. കയറ്റുമതിക്ക് കമ്പനികൾക്ക് അനുമതി നൽകിയത് ആരെ സംരക്ഷിക്കാൻ?. വാക്സിൻ സൗജന്യമായി നൽകുമെന്ന് തള്ളിയിട്ട് ഇപ്പോൾ കടുത്തവില ഈടാക്കുന്നത് ആരെ സഹായിക്കാൻ?. മരുന്നു കമ്പനികൾക്കും സ്വകാര്യ ആശുപത്രികൾക്കും കൊള്ളലാഭത്തിന് അവസരം നൽകി ഗാലറിയിലിരിക്കുന്നത് മരണക്കളി കാണാനാണോ?. ശ്വാസം മുട്ടി പിടഞ്ഞുമരിക്കാൻ നമുക്കെന്തിന് ഒരു കേന്ദ്രഭരണം അദ്ദേഹം ചോദിച്ചു.
കോവിഡ് മഹാമാരിയുടെ ആദ്യഘട്ടത്തിൽ അശാസ്ത്രീയമായി ലോക്‌ഡൗൺ പ്രഖ്യാപിച്ച് ഭീതിപരത്തി നൂറ് കണക്കിന് പച്ച മനുഷ്യരെയാണ് റെയിൽവെ ട്രാക്കിലും ദേശീയ പാതകളിലും വിശന്നും തളർന്നും മരിക്കാൻ വിട്ടത്. മനുഷ്യർ മരിച്ചു വീണപ്പോൾ പൗരത്വ പ്രക്ഷോഭകരെ വേട്ടയാടുന്ന തിരക്കിലായിരുന്നു വംശീയതയും വർഗീയതയും മാത്രം മൂലധനമായുള്ള നരേന്ദ്ര മോദിയും അമിത് ഷായും.
കോവിഡ് രണ്ടാം ഘട്ടത്തിൽ മനുഷ്യർ ഓക്സിജനു വേണ്ടി ക്യൂവിൽ ശ്വാസം മുട്ടി പിടഞ്ഞുമരിച്ചു വീഴുകയാണ്. കേന്ദ്ര സർക്കാറിന് തികഞ്ഞ നിസ്സംഗത മാത്രം. പ്രതിദിന മരണ നിരക്ക് മൂന്ന് ലക്ഷം കവിഞ്ഞിട്ടും നരേന്ദ്ര മോദിക്ക് ഒരു കൂസലുമില്ല. സകല കോവിഡ് പ്രോട്ടോകോളുകളും തെറ്റിച്ച് ബംഗാൾ പിടിക്കാനുള്ള തിരക്കിലാണദ്ദേഹം.
കോവിഡ് പ്രതിരോധത്തിൽ ജാഗ്രതാപൂർവം പ്രവർത്തിക്കുന്ന സംസ്ഥാനങ്ങൾക്ക് ഓക്സിജൻ നൽകാതെയും വാക്സിൻ നിഷേധിച്ചും വിവേചനം കാണിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ആറ് ഹൈകോടതികളാണ് പ്രതികരിച്ചിരിക്കുന്നത്. ഇത്രക്കും പരാജയപ്പെട്ട ഒരു ഭരണം വേറെയുണ്ടോ? പ്രതിദിന കോവിഡ് നിരക്ക് മൂന്ന് ലക്ഷം കവിഞ്ഞതും ജനങ്ങൾ ഓക്സിജൻ കാട്ടാതെ പിടഞ്ഞു വീണു മരിക്കുന്നതും ഭരണനിർവഹണത്തിലെ വീഴ്ച തന്നെയാണ്.
ഓക്സിജനും വാക്സിനും കിട്ടാതാകുന്നത് സർക്കാറിന്‍റെ പിടിപ്പുകേടല്ലാതെ പിന്നെന്താണ്? കിട്ടിയ വാക്സിൻ വിതരണം ചെയ്യുന്നതാവട്ടെ തീർത്തും അശാസ്ത്രീയവും. കോവിഡ് പ്രതിരോധത്തിലെ നയരാഹിത്യം വ്യക്തമാകുന്നതാണ് ഇന്ത്യയിൽ തീവ്രമായ കോവിഡിന്‍റെ രണ്ടാം വരവ്. എപ്പോഴും വംശീയ മതിൽ കെട്ടി ദുരന്തങ്ങളെ മറച്ചുവെക്കാനാവില്ല.
വിവേചനരഹിതമായി സംസ്ഥാനങ്ങൾക്ക് ഓക്സിജനും വാക്സിനും നൽകണം. കേരളത്തോടുള്ള കേന്ദ്ര അവഗണന അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അത് അവസാനിപ്പിക്കാൻ കേന്ദ്രം തയാറാകണം. ആരോഗ്യ അടിയന്തിരാവസ്ഥയിൽ ജനങ്ങൾക്ക് വാക്സിൻ സൗജന്യമായി നൽകണം. കോവിഡിനെ തുരത്തുക എന്നത് രാഷ്ടത്തിന്‍റെ ബാധ്യതയാണ്. കേന്ദ്ര സർക്കാർ അത് നിർവഹിക്കണം.
കേന്ദ്ര ഗവൺമെന്‍റിന്‍റെ കോവിഡ് നയത്തിൽ പ്രതിഷേധിച്ച് ഏപ്രിൽ 26 ന് തിങ്കളാഴ്ച വെൽഫെയർ പാർട്ടി ജനകീയ പ്രതിഷേധം സംഘടിപ്പിക്കും. ഈ പ്രതിഷേധത്തിൽ കേരളത്തിലെ മുഴുവൻ ജനങ്ങളും പങ്കുകൊള്ളണമെന്നും ഹമീദ് വാണിയമ്പലം അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.