ശബരിമല: സന്നിധാനത്ത് നടന്ന ചടങ്ങിൽ 2025ലെ ഹരിവരാസനം പുരസ്കാരം കവിയും ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി ഏറ്റുവാങ്ങി. സന്നിധാനം ധർമശാസ്താ ഓഡിറ്റോറിയത്തിൽ ചൊവ്വാഴ്ച രാവിലെ നടന്ന ചടങ്ങിൽ ദേവസ്വം മന്ത്രി വി.എൻ. വാസവൻ പുരസ്കാരം സമ്മാനിച്ചു.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സൃഷ്ടികൾ കാലത്തിന് അതീതമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. തമിഴ്നാട് ഹിന്ദുമത ധർമസ്ഥാപന വകുപ്പ് മന്ത്രി പി.കെ. ശേഖർ ബാബു മുഖ്യാതിഥിയായി. പ്രമോദ് നാരായൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.യു. ജനീഷ് കുമാർ എം.എൽ.എ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, പത്തനംതിട്ട ജില്ല കലക്ടർ എസ്. പ്രേംകൃഷ്ണൻ, റാന്നി-പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനൻ, ശബരിമല എ.ഡി.എം അരുൺ എസ്. നായർ, പത്തനംതിട്ട സബ് കലക്ടർ സുമിത് കുമാർ, ദേവസ്വം ബോർഡ് അംഗങ്ങളായ അഡ്വ. എ. അജികുമാർ, ജി. സുന്ദരേശൻ, ദേവസ്വം കമീഷണർ സി.വി. പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന സർക്കാറും തിരുവിതാംകൂർ ദേവസ്വം ബോർഡും ചേർന്നാണ് ഹരിവരാസനം പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. സന്നിധാനത്തും പരിസരത്തും അയ്യപ്പന്റെ ചിത്രങ്ങൾ വരച്ച ഭിന്നശേഷിക്കാരനായ പത്തനാപുരം സ്വദേശി മനോജ് കുമാറിന് ഒരു ലക്ഷം രൂപ നൽകി വേദിയിൽ ആദരിച്ചു. 2022 ലെ ഹരിവരാസനം പുരസ്‌കാരം ഗാനരചയിതാവും സംഗീത സംവിധായകനുമായ ആലപ്പി രംഗനാഥിനാണ് നല്‍കിയത്. 2023ലെ പുരസ്‌കാരം ലഭിച്ചത് ഗാനരചയിതാവും സംവിധായകനും നോവലിസ്റ്റുമായ ശ്രീകുമാരന്‍ തമ്പിക്കായിരുന്നു.
നിരവധി അയ്യപ്പ ഭക്തിഗാനങ്ങൾ കൈതപ്രത്തിന്റെതായുണ്ട്. ഇവയിൽ ‘ഹരിഹരാത്മജ’, ‘പൊന്നൊടുക്കുകൊട്ടി പാടുന്നു’, ‘സദ് ഗുരോ ഗരണം’ , ‘ഒരു വട്ടം മലയേറുമ്പോൾ’ എന്നിവ ഏറെ ശ്രദ്ധപിടിച്ചു പറ്റിവയാണ്.
‘ദേവദുന്ദുഭീ സാന്ദ്രലയ’മാണ് കൈതപ്രം ആദ്യമെഴുതിയ ചലച്ചിത്രഗാനം. അതാകട്ടെ 1986ൽ ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘എന്നെന്നും കണ്ണേട്ടന്റെ’ എന്ന ചിത്രത്തിനുവേണ്ടിയാണ്. ജെറി അമൽദേവിന്റെ ഈണത്തിൽ പിറന്ന ആ ഗാനത്തിലൂടെയാണ് മലയാളത്തിന്‍റെ കൈതപ്രം തീർത്ത വസന്തകാലം തുടങ്ങുന്നത്. 350ൽ അധികം സിനിമകൾക്കായി പാട്ടെഴുതി. നിരവധി സംഗീതസംവിധായകരുടെ ഉള്ളറിഞ്ഞ ഗാനരചയിതാവായി. കൈതപ്രം – ജോൺസൺ കൂട്ടുകെട്ടിലാണ് നാം ഹൃദയപൂർവം സ്വീകരിച്ച ഗാനങ്ങൾ ഏറെയും പിറന്നത്.
‘ഹിസ് ഹൈനസ് അബ്ദുല്ല’യിലെ ‘ദേവസഭാതലം’ എന്ന ഗാനരംഗത്തിലെ സംഗീതജ്ഞനെപ്പോലെ, മനസ്സിൽ തങ്ങിനിൽക്കുന്ന വേഷങ്ങളുമായി 10ലേറെ സിനിമകളിൽ കൈതപ്രം നടനായി. സംവിധായകൻ ജയരാജിന്റെ ആദ്യസിനിമയായ ‘വിദ്യാരംഭം’ മുതൽ കൈതപ്രവും കൂടെയുണ്ട്. ‘കുടുംബസമേത’വും ‘പൈതൃക’വുമൊക്കെയായി അനേകം സിനിമകൾ.
ജയരാജിന്റെ ‘സോപാനം’ എന്ന ചിത്രത്തിനു കഥയും തിരക്കഥയുമെഴുതാൻ തീരുമാനിച്ചത് 1993ൽ ഒരു മൂകാംബിക യാത്രയ്ക്കിടെയാണ്. ജയരാജിന്റെ തന്നെ ‘ദേശാടന’ത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്. ആ ചിത്രത്തിലെ ‘നവാമുകുന്ദ ഹരേ’ എന്ന ഗാനത്തിലൂടെ കൈതപ്രത്തിന്റെ മകൻ ദീപാങ്കുരൻ പിന്നണി ഗായകനായെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.