പത്തനംതിട്ട: വനം, റവന്യൂ മന്ത്രിമാരെ നോക്കുകുത്തികളാക്കി ഉദ്യോഗസ്ഥരുടെ ഒത്താശയോ ടെ ഹാരിസൺസ് കോടികളുടെ മരങ്ങൾ മുറിച്ചുതുടങ്ങി. അഞ്ച് ജില്ലകളിലെ 18,927 ഏക്കർ ഭൂമിയിൽ നിന്ന് മൂന്നുലക്ഷം മരങ്ങളാണ് മുറിക്കുന്നത്. മരങ്ങളുടെ സീനിയറേജ് ഇനത്തിൽ 147 കോടിയാ ണ് സർക്കാറിനു നഷ്ടം. മരംമുറിക്ക് അനുമതി നൽകി സർക്കാർ ഉത്തരവിറക്കിയിട്ടില്ല. ചീ ഫ് സെക്രട്ടറിക്ക് 500 രൂപയുടെ ബോണ്ടും കത്തും നൽകിയ ശേഷം അവയുടെ പകർപ്പ് വനം ഓഫിസുകളിൽ ഹാജരാക്കിയാണ് മരങ്ങൾ മുറിക്കാൻ തുടങ്ങിയത്.
ഇതിനകം പതിനായിരത്തോളം മരങ്ങൾ മുറിച്ചുകഴിഞ്ഞു. റവന്യൂ മന്ത്രി അറിയാതെ ക്വാറികൾക്ക് ഖനനാനുമതിക്കുള്ള ഉത്തരവ് ഇറങ്ങിയതിനു പിന്നാലെയാണ് റവന്യൂ, വനം മന്ത്രിമാർ അറിയാതെ കോടികളുടെ മരംമുറിക്ക് തുടക്കമിട്ടിരിക്കുന്നത്. തെറ്റുകണ്ടാൽ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ തിരുത്തലുകൾക്ക് തയാറാകുന്നുണ്ടെങ്കിലും വനം മന്ത്രി കെ. രാജു എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
വനം മന്ത്രിയുടെ മണ്ഡലത്തിൽ കൊല്ലം കലക്ടർ കാർത്തികേയെൻറ നേതൃത്വത്തിൽ റിയ, പ്രിയ എസ്റ്റേറ്റുകൾക്ക് 100 കണക്കിന് ഏക്കർ വനഭൂമി പതിച്ചുനൽകിയ സംഭവത്തിൽ തിരുത്തൽ നടപടിക്ക് റവന്യൂ വകുപ്പ് തയാറായെങ്കിലും വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. തനിക്ക് ഒന്നും അറിയില്ലെന്നും ചീഫ് കൺസർവേറ്ററാണ് ഉത്തരവാദിയെന്നുമാണ് മന്ത്രി കെ. രാജു ഇതേക്കുറിച്ച് ‘മാധ്യമ’ത്തോട് പറഞ്ഞത്.
തോട്ടഭൂമികളിലെ മരങ്ങൾ മുറിക്കുന്നതിന് സീനിയറേജ് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ (ഐ.എൻ.ടി.യു.സി) പ്രസിഡൻറ് സി.ആർ. നജീബ് നൽകിയ ഹരജിയിൽ ബോണ്ടുെവച്ച് മരങ്ങൾ മുറിക്കാൻ കോടതി ഇടക്കാല ഉത്തരവിൽ അനുമതി നൽകിയിരുന്നു. ഇതനുസരിച്ച് 500 രൂപയുടെ മുദ്രപ്പത്രത്തിൽ അഞ്ചു ജില്ലകളിലെ എസ്റ്റേറ്റുകളുടെ പേരുകൾ മാത്രം രേഖപ്പെടുത്തിയ ബോണ്ട് ചീഫ് സെക്രട്ടറിക്ക് നൽകുകയായിരുന്നു. ബോണ്ടിൽ മരങ്ങളുടെ എണ്ണമോ അളവോ രേഖപ്പെടുത്തിയിട്ടില്ല. അതിനാൽ ഈ ബോണ്ട് ഉപയോഗിച്ച് സീനിയറേജ് ഈടാക്കാനാവില്ല.
ബോണ്ടുമായി കമ്പനി അധികൃതർ എത്തിയിരുന്നുവെന്നും അത് അംഗീകരിച്ചിട്ടില്ലെന്നും ചീഫ് സെക്രട്ടറി പറയുന്നു. അതേസമയം, കമ്പനി മരംമുറി തുടങ്ങുകയും ചെയ്തു. പത്തനംതിട്ടയിൽ 4000വും മുണ്ടക്കയത്ത് 5000വും മരങ്ങൾ മുറിച്ചു. കൊല്ലം തെന്മല, തൃശൂരിലെ മുപ്ലിവാലി, ഇടുക്കിയിലെ കാളിയാർ എന്നിവിടങ്ങളിലും മരംമുറി തകൃതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.