കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും നിപ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
മെഡിക്കൽ കോളജിലെ പ്രത്യേക നിപ വാർഡ് സജ്ജീകരിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് മരുന്നുണ്ടെന്ന് മന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു.
നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്കപ്പട്ടികയിൽ 188 പേരാണുള്ളത്. ഇതില്‍ 20 പേരാണ് ഹൈ റിസ്‌ക് ലിസ്റ്റില്‍ ഉള്ളത്. ഇവരിൽ സ്വകാര്യ ആശുപത്രിയിലേയും കോഴിക്കോട് മെഡിക്കല്‍ കോളജിലേയും ഓരോ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗ ലക്ഷണങ്ങളുള്ളത്.
മരിച്ച 12കാരന്‍റെ ചാത്തമംഗലത്തെ വീട് കേന്ദ്രസംഘം സന്ദര്‍ശിച്ചു. നാഷണൽ സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ അഡി. ഡയറക്ടർ ഡോ. രഘുവിന്‍റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലത്തെത്തിയത്. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ചാത്തമംഗലം പഞ്ചായത്തിലെ മുന്നൂർ, പാഴൂർ മേഖലകളിലാണ് സംഘം സന്ദർശിച്ചത്. കുട്ടിയുടെ വീടും പരിസരവും സന്ദർശിച്ച് വിവരം ശേഖരിച്ചു. പനി വരുന്നതിന് ദിവസങ്ങൾ മുമ്പ് കുട്ടി വീടിന് പരിസരത്തുനിന്ന് റംബൂട്ടാൻ പഴം കഴിച്ചതായി വിവരമുണ്ടായിരുന്നു. ഇതേത്തുടർന്ന് റംബൂട്ടാൻ സാമ്പിളുകൾ സംഘം ശേഖരിച്ചു. വീട്ടിലെ ആട് ചത്തുകിടന്ന സ്ഥലത്തും പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.