കൊച്ചി: നിക്ഷേപകന് തുക തിരികെ നൽകാത്ത സഹകരണ സംഘങ്ങളുടെ കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് സർക്കാറിനോട് ഹൈകോടതി. നിക്ഷേപത്തുക തിരികെ നൽകാത്തതുമായി ബന്ധപ്പെട്ട ഒട്ടേറെ കേസുകൾ കോടതിയുടെ പരിഗണനയിലുള്ളത് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം സർക്കാറിനോട് ആരാഞ്ഞത്.
കോട്ടയം പാലാ കീഴ്ത്തടിയൂർ സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാതിരുന്നതിനെത്തുടർന്ന് രണ്ട് നിക്ഷേപകർ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. സഹകരണ മേഖലയിൽ വിശ്വാസമർപ്പിച്ച് പണം നിക്ഷേപിച്ച് തിരികെ ലഭിക്കാത്ത ഒട്ടേറെപ്പേരുണ്ട്. ഇത് എല്ലാ സഹകരണ വായ്പ സമ്പ്രദായങ്ങളെയും ദോഷമായി ബാധിക്കും. നിക്ഷേപത്തുകയുടെ കാലാവധി കഴിഞ്ഞാൽപോലും തിരിച്ചുകിട്ടാനിടയില്ലെന്ന ഗുരുതര സ്ഥിതിവിശേഷമാണ് ഇതുണ്ടാക്കുന്നത് -കോടതി പറഞ്ഞു.
വായ്പയെടുത്ത് കുടിശ്ശികയായവരിൽനിന്ന് റിക്കവറി നടപടികളിലൂടെ സർക്കാർ പണം തിരികെപ്പിടിച്ച് നൽകാത്തത് മൂലമാണ് നിക്ഷേപത്തുക തിരികെ നൽകാനാവാത്തതെന്നായിരുന്നു ബാങ്കിന്‍റെ വാദം. കിട്ടാനുള്ള പണം സംബന്ധിച്ച നടപടികൾ ആർബിട്രേഷൻ നടപടികളിൽ കുരുങ്ങിക്കിടക്കുന്നതിനാൽ ബാങ്ക് സാമ്പത്തിക പ്രതിസന്ധിയിലാണ്. അതിനാൽ പണം നൽകാനാവുന്നില്ലെന്ന് ബാങ്കിന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
തുടർന്ന്, സഹകരണ സ്പെഷൽ ഗവ. പ്ലീഡർ പി.പി. താജുദ്ദീനെ വിളിച്ചുവരുത്തിയ കോടതി നിക്ഷേപങ്ങൾ നിക്ഷേപകൻ തിരികെ ആവശ്യപ്പെട്ടാൽ എന്താണ് ചെയ്യാറുള്ളതെന്ന് ആരാഞ്ഞു. നിക്ഷേപകൻ ആവശ്യപ്പെടുമ്പോൾ തന്നെ സംഘങ്ങൾ നിക്ഷേപത്തുക നൽകുകയെന്നതാണ് നിലവിലെ രീതിയെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. കാലാവധിക്കുമുമ്പ് പിൻവലിക്കുന്ന നിക്ഷേപത്തുകയുടെ കാര്യത്തിൽ പലിശനിരക്ക് കുറക്കുമെന്നും വ്യക്തമാക്കി.
ഇതോടെയാണ് പണം തിരികെ നൽകാൻ നിർവാഹമില്ലാത്ത സംഘങ്ങളുടെ കാര്യത്തിൽ എന്ത് നടപടി സ്വീകരിക്കുമെന്ന് കോടതി ആരാഞ്ഞത്. ഹരജി ഏപ്രിൽ 11ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.