കൊച്ചി: അറസ്റ്റ് അനിവാര്യമല്ലാത്ത കേസുകളിൽ മുൻകൂർ നോട്ടീസില്ലാതെ ഒരാളെ അറസ്റ്റ് ചെയ്യുന്നത് ജാമ്യം അനുവദിക്കാൻ കാരണമാകുമെന്ന് ഹൈകോടതി. വിദേശ സ്ഥാപനങ്ങളിൽ നഴ്സിങ് പഠനത്തിന് പ്രവേശനം വാഗ്ദാനം ചെയ്ത് പ്രവർത്തിക്കുന്ന ചെന്നൈ കേന്ദ്രമായ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ജോസഫ് ഡാനിയൽ നൽകിയ ഹരജിയിലാണ് ഉത്തരവ്.
പ്രവേശനം വാഗ്ദാനം ചെയ്ത് പണം സ്വീകരിച്ച ശേഷം നടപ്പാക്കിയില്ലെന്ന് ആരോപിച്ച് വിദ്യാർഥികൾ പലയിടങ്ങളിലായി നൽകിയ പരാതിയിൽ വിവിധ പൊലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. എല്ലാ കേസുകളിലും മുൻകൂർ നോട്ടീസ് നൽകാൻ നിർദേശിക്കണമെന്നായിരുന്നു ഹരജിക്കാരന്‍റെ ആവശ്യം. എന്നാൽ വഞ്ചനാക്കുറ്റം അടക്കം ആരോപിച്ചാണ് പരാതിയെന്നതിനാൽ ഹരജിയിലെ ആവശ്യപ്രകാരം പൊതു ഉത്തരവ് സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്നാണ് അറസ്റ്റ് അനിവാര്യമല്ലാത്ത കേസുകളിൽ മുൻകൂർ നോട്ടീസ് നൽകണമെന്ന് സുപ്രീംകോടതി ഉത്തരവുകൾ ഉദ്ധരിച്ച് കോടതി വ്യക്തമാക്കിയത്.
വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാൻ സാധ്യമായ സാഹചര്യങ്ങൾ സംബന്ധിച്ച് ക്രിമിനൽ നടപടിച്ചട്ടം 41(1) വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യങ്ങൾ ബാധകമല്ലാത്ത കേസുകളിൽ സി.ആർ.പി.സി 41 എ പ്രകാരം മുൻകൂർ നോട്ടീസ് നൽകി വേണം അറസ്റ്റ് ചെയ്യാൻ. അല്ലാത്തപക്ഷം പ്രതിക്ക് ജാമ്യം അനുവദിക്കാനാവുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.