കൊച്ചി: താൽകാലിക വി.സി നിയമനത്തിൽ നിന്ന് സർക്കാരിനെ ഒഴിവാക്കാൻ കഴിയില്ലെന്ന് ഹൈകോടതി ഡിവിഷൻ ബെഞ്ച്. താൽകാലിക വിസി നിയമനത്തിൽ ചാൻസലർക്ക് മുഴുവൻ അധികാരവും നൽകുന്നത് യു.ജി.സി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു.
കേരള സാങ്കേതിക സർവകലാശാല താൽകാലിക വി.സിയായുള്ള സിസ തോമസിന്‍റെ നിയമനം ശരിവെച്ച സിംഗ്ൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ഡിവിഷൻ ബെഞ്ച് ഇടപെടൽ. സർക്കാരിന്‍റെ ഹരജി കോടതി ഫയലിൽ സ്വീകരിച്ചു.
വൈസ് ചാൻസലറുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലന്ന് ഹൈകോടതി വ്യക്തമാക്കി. വിഷയത്തിൽ നിയമപരമായ എല്ലാ വസ്തുതകളും പരിശോധിക്കാമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
കെ.ടി.യു വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറായ കേരള ഗവർണറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള സിംഗ്ൾ ബെഞ്ച് നിർദേശം ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവിലെ 144, 145 പാരഗ്രാഫുകളാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. ഹരജിയിൽ വിശദമായ വാദം ജനുവരിയിൽ തുടരും.
സെർച്ച് കമ്മിറ്റി രൂപീകരിക്കാനുള്ള അധികാരം സർക്കാരിനാണെന്ന് യു.ജി.സി ഹൈകോടതിയിൽ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.