കൊച്ചി: പൊതുസ്ഥലങ്ങളിലെ അനധികൃത ബോർഡുകൾ 10 ദിവസത്തിനകം നീക്കണമെന്ന് ആവർത്തിച്ച് ഹൈകോടതി. നീക്കം ചെയ്തില്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാരിൽനിന്ന് പിഴ ഈടാക്കും.
അവർക്കായിരിക്കും ഇതിന്‍റെ ഉത്തരവാദിത്തമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ബോർഡുകൾ നീക്കം ചെയ്യാൻ സെക്രട്ടറിമാർക്ക് പ്രത്യേകസംഘം രൂപവത്കരിക്കാമെന്നും ഭീഷണിയുണ്ടായാൽ പൊലീസ് സംരക്ഷണം തേടാമെന്നും കോടതി നിർദേശിച്ചു. ബോർഡുകൾ നീക്കം ചെയ്യാത്തത് സംബന്ധിച്ച് വിശദീകരണം നൽകാൻ തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറി നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.
എന്തും ചെയ്യാനുള്ളതല്ല പൊതുസ്ഥലം. നിറമുള്ള കൊടികളിൽ തൊട്ടാൽ പണി കിട്ടുമെന്നതാണ് സ്ഥിതി. ഒാരോ രാഷ്ട്രീയ പാർട്ടിയും നിയമം ലംഘിക്കുന്നു. ഇനിയിത് അനുവദിക്കാനാവില്ല. നടപ്പാതയിലെ കൈവരിയെ എങ്കിലും വെറുതെ വിട്ടുകൂടേ. ജനങ്ങൾക്ക് ഇതിലൊന്നും താൽപര്യമില്ല. കുട്ടികൾ ബോർഡ് നോക്കിയല്ല, സമൂഹ മാധ്യമങ്ങൾ നോക്കിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും കോടതി പറഞ്ഞു.
പലയിടത്തും അപകടാവസ്ഥയിലുള്ള ബോർഡുകളുണ്ട്. സിനിമയുടെയും മതസ്ഥാപനങ്ങളുടെയും ബോർഡുകളും നിയമം ലംഘിച്ച് സ്ഥാപിക്കുന്നുണ്ട്. ബോർഡ് വെക്കുകയെന്നത് അനിവാര്യമായ മതപരമായ ആചാരമല്ലെന്നും കോടതി പറഞ്ഞു. തിരുവനന്തപുരത്ത് അനധികൃത ബോർഡുകൾ സ്ഥാപിച്ചതിന് ആറ് ലക്ഷം രൂപ പിഴ ഈടാക്കിയതായി കോർപറേഷൻ അറിയിച്ചപ്പോൾ 50 ലക്ഷമെങ്കിലും പിഴ കിട്ടേണ്ടതല്ലേയെന്ന് കോടതി ആരാഞ്ഞു. അനധികൃത ബോർഡുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.