കൊച്ചി: അസി. പ്രഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് മാർക്ക് നൽകുന്നത് സംബന്ധിച്ച് എം.ജി സർവകലാശാല ഒരു മാസത്തിനകം മാനദണ്ഡങ്ങൾ രൂപവത്കരിക്കണമെന്ന് ഹൈകോടതി. അഭിമുഖത്തിന് 50 മാർക്ക് നിശ്ചയിച്ചും മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയും 2021 ഒക്ടോബർ 30ന് സർവകലാശാല പുറപ്പെടുവിച്ച ഉത്തരവ് ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് റദ്ദാക്കി.
എം.ജി സർവകലാശാലയിലെ കോളജുകളിൽ ഹിന്ദി അസി. പ്രഫസർ നിയമനം സംബന്ധിച്ച് ഡോ. സ്മിത ചാക്കോ നൽകിയ അപ്പീലിലാണ് ഉത്തരവ്. പത്തനംതിട്ട കതോലിക്കേറ്റ് കോളജിൽ ഡോ. മിനി ജോർജിനെ ഹിന്ദി വിഭാഗത്തിൽ അസി. പ്രഫസറായി നിയമിച്ചതും മാനദണ്ഡം മാറ്റിയ സർവകലാശാല ഉത്തരവും ചോദ്യം ചെയ്ത് നൽകിയ ഹരജി തള്ളിയതിനെ തുടർന്നാണ് അപ്പീൽ നൽകിയത്.
അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുപ്പെന്നും അഭിമുഖത്തിന് പരമാവധി മാർക്ക് 20 ആയിരിക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നതായി ഹരജിക്കാരി ചൂണ്ടിക്കാട്ടി. 2021 നവംബർ 16ന് അഭിമുഖത്തിന് ഹാജരാകാനും നിർദേശം ലഭിച്ചു. എന്നാൽ, അഭിമുഖത്തിന്റെ മാർക്ക് 50 ആക്കി മാറ്റം വരുത്തി സർവകലാശാല ഉത്തരവിറക്കി.
അധ്യാപന അഭിരുചിക്ക് -10, ഗവേഷണ അഭിരുചിക്ക് -20 എന്നിങ്ങനെ ഉൾപ്പെടെ ഇനം തിരിച്ച് മാനദണ്ഡങ്ങളും നിശ്ചയിച്ചു. നിയമനം റദ്ദാക്കിയ ഹൈകോടതി പുതുക്കിയ മാനദണ്ഡങ്ങൾ പ്രകാരം ഒരു മാസത്തിനുള്ളിൽ പുതിയ അഭിമുഖം നടത്താനും നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.