കൊച്ചി: ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ കമ്പനി മാനേജിങ് ഡയറക്ടർ കെ.ഡി. പ്രതാപൻ ഒരുദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ. ഇ.ഡി രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലുള്ള, തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയുടെ ഡയറക്ടറായ പ്രതാപനെ കൂടുതൽ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമാണ് കസ്റ്റഡിയിൽ വിട്ടത്. രണ്ടുദിവസമാണ് ആവശ്യപ്പെട്ടതെങ്കിലും കോടതി ഒരുദിവസത്തെ കസ്റ്റഡി മാത്രം അനുവദിക്കുകയായിരുന്നു.
മൾട്ടിലെവൽ മാർക്കറ്റിങ്ങിന്റെയും ഒ.ടി.ടി ഇടപാടിന്റെയും പേരിൽ ഹൈറിച്ച് ഉടമകളും ഡീലർമാരും തട്ടിയെടുത്ത കോടികൾ ക്രിപ്റ്റോ കറൻസി നിക്ഷേപങ്ങളാക്കി വിദേശത്തേക്ക് കടത്തിയെന്നാണ് ആരോപണം. പ്രതാപന്റെയും ഭാര്യ ശ്രീനയുടെയും സ്വകാര്യ അക്കൗണ്ടുകളിലേക്ക് ഇവ മാറ്റിയതിന്റെ വിവരങ്ങളും ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. കള്ളപ്പണ ഇടപാടിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
മണി ചെയിൻ മാതൃകയിലുള്ള തട്ടിപ്പിലൂടെ 88 ശതമാനത്തോളം നിക്ഷേപകർക്കാണ് പണം നഷ്ടപ്പെട്ടത്. പ്രതാപൻ അടക്കമുള്ള 12 ശതമാനം ആളുകളിലാണ് ഈ പണം എത്തിയതെന്നാണ് ആരോപണം.
ഹൈറിച്ച് നടത്തിയ ജി.എസ്.ടി തട്ടിപ്പിനെത്തുടർന്നുള്ള അന്വേഷണമാണ് ഇ.ഡി കേസ് ഏറ്റെടുക്കുന്നതിലേക്ക് നയിച്ചത്. അടുത്തിടെ ഹൈറിച്ചിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്ത് ഇ.ഡി മരവിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.