കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ ‘ഹൈറിച്ച് ഓൺലൈൻ ഷോപ്പി’ ഉടമകൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കലൂരിലെ പ്രത്യേക പി.എം.എൽ.എ കോടതി ബുധനാഴ്ച പരിഗണിക്കും. സ്ഥാപന ഉടമകളായ കെ.ഡി. പ്രതാപൻ, ഭാര്യ ശ്രീന എന്നിവരാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. എന്നാൽ, മുൻകൂർ ജാമ്യാപേക്ഷയെ ഇ.ഡി ശക്തമായി എതിർത്തു.
അതിനിടെ, പ്രതികൾ ആദ്യം അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ ഹാജരാകുകയാണ് വേണ്ടതെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി പ്രതിഭാഗത്തോട് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ മുമ്പാകെ എന്ന് ഹാജരാകാൻ കഴിയുമെന്ന കോടതിയുടെ ചോദ്യത്തിന് ബുധനാഴ്ച അറിയിക്കാമെന്ന് പ്രതിഭാഗം മറുപടി നൽകി. ഇതേതുടർന്നാണ് കോടതി കൂടുതൽ വാദത്തിന് മുൻകൂർ ജാമ്യ ഹരജി ഇന്നത്തേക്ക് മാറ്റിയത്.
എന്നാൽ, അറസ്റ്റ് ചെയ്യില്ലെന്ന് ഇപ്പോൾ ഉറപ്പ് നൽകാൻ കഴിയില്ലെന്ന നിലപാടും ഇ.ഡി സ്വീകരിച്ചു. മണി ചെയിൻ മാതൃകയിലുള്ള ബിസിനസാണ് തങ്ങൾ നടത്തിയതെന്നും എല്ലാ കാര്യങ്ങളും നിയമപരമായി തന്നെയാണ് ചെയ്തിട്ടുള്ളതെന്നും മുൻ എം.എൽ.എയുടെ നേതൃത്വത്തിൽ രാഷ്ട്രീയപ്രേരിതമായ ആരോപണം നടത്തുകയാണെന്നും പ്രതിഭാഗം ആരോപിച്ചു. എന്നാൽ, കേരളത്തിന് അകത്തും പുറത്തും വലിയ തോതിൽ തട്ടിപ്പ് നടന്നതായും മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ഇ.ഡി ബോധിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.