തൃശൂർ: കോടികളുടെ ഹവാലക്കടത്ത് കേസിൽ ‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി ഉടമകളുടെ വീട്ടിലും ഓഫിസിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കെത്തുന്നതിന് തൊട്ടുമുമ്പ് കമ്പനി ഉടമകൾ രക്ഷപ്പെട്ടു. ഹൈറിച്ച് കമ്പനി എം.ഡി കെ.ഡി. പ്രതാപന്‍, ഭാര്യയും കമ്പനി സി.ഇ.ഒയുമായ ശ്രീന പ്രതാപന്‍, ഡ്രൈവര്‍ സരണ്‍ എന്നിവരാണ് രക്ഷപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ 11ഓടെയാണ് ഇ.ഡി ഉദ്യോഗസ്ഥർ പരിശോധനക്കായി തൃശൂർ നെടുപുഴയിലെ വീട്ടിലെത്തിയത്. ഇ.ഡി നീക്കം ചോർത്തി നൽകി ചേർപ്പ് പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാൻ സൗകര്യം ഒരുക്കിയെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര ആരോപിച്ചു. ഉടമസ്ഥർ വീട്ടിൽനിന്ന് മുങ്ങിയെങ്കിലും ഇ.ഡിയുടെ നേതൃത്വത്തിൽ വീട്ടിൽ പരിശോധന നടത്തി.
പ്രതികളെ പിടികൂടാൻ പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. ഇവർക്കായി സംസ്ഥാന വ്യാപകമായി ജാഗ്രതാനിർദേശം നൽകാൻ ഇ.ഡി ഉദ്യോഗസ്ഥർ പൊലീസിനോട് ആവശ്യപ്പെട്ടു. ഹൈറിച്ച് കമ്പനി നൂറുകോടിയോളം രൂപ വിദേശത്തേക്ക് കടത്തിയെന്ന പരാതിയിലാണ് ഇ.ഡി പരിശോധന. തൃശൂർ ആസ്ഥാനമായ ‘ഹൈറിച്ച്’ കമ്പനി 1630 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് നേരത്തെ ചേർപ്പ് പൊലീസ് തൃശൂർ കോടതിയിൽ നൽകിയ റിപ്പോർട്ടിലും വ്യക്തമാക്കിയിരുന്നു.
ഓൺലൈൻ ഷോപ്പിങ്ങിന്റെ മറവിൽ മണിച്ചെയിൻ തട്ടിപ്പാണ് നടത്തിയതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പരാമർശിച്ചിരുന്നത്. ഇത് കേരളം കണ്ട ഏറ്റവും വലിയ മണിച്ചെയിൻ തട്ടിപ്പാകാൻ സാധ്യതയുണ്ടെന്നും ക്രിപ്റ്റോകറൻസി ഇടപാടടക്കം നിരവധി അനുബന്ധസ്ഥാപനങ്ങളും കമ്പനിക്കുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.
‘ഹൈറിച്ച്’ ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് 126 കോടിയുടെ നികുതിവെട്ടിപ്പ് നടത്തിയതായി നേരത്തെ ജി.എസ്.ടി വകുപ്പ് കണ്ടെത്തിയിരുന്നു. സംസ്ഥാന ജി.എസ്.ടി വിഭാഗം കണ്ടെത്തിയ ഏറ്റവും വലിയ ജി.എസ്.ടി വെട്ടിപ്പ് കേസുകളിലൊന്നാണിത്. കേസിൽ കമ്പനി ഉടമ പ്രതാപനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇയാൾ ജാമ്യം നേടി.
പിന്നാലെ കമ്പനിയുടെ സ്വത്ത് താൽക്കാലികമായി മരവിപ്പിക്കാൻ ബഡ്‌സ് ആക്‌ട് കോംപിറ്റൻറ് അതോറിറ്റി ജില്ല കലക്ടർമാർക്ക് നിർദേശം നൽകിയിരുന്നു. മൾട്ടി ലെവൽ മാർക്കറ്റിങ് മോഡലിലുള്ള ഒരു ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമാണ് ഹൈറിച്ച് ഷോപ്പി. കമ്പനി 703 കോടി രൂപയുടെ വിറ്റുവരവ് മറച്ചുവെച്ചതിലൂടെ 126.54 കോടി നികുതി വെട്ടിപ്പ് നടത്തിയെന്നായിരുന്നു ജി.എസ്.ടി വിഭാഗത്തിന്റെ കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.