കൊച്ചി: അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനം കണ്ടുകിട്ടിയില്ലെങ്കിലും ഇരകൾക്ക് നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന് ഹൈകോടതി. മോട്ടോർ വാഹന നിയമത്തിൽ തന്നെ ഈ വ്യവസ്ഥ ഉണ്ടെങ്കിലും സാധാരണ ജനങ്ങൾക്ക് അറിവില്ല. ആർക്ക് അപേക്ഷ നൽകണമെന്നത് പോലും പൊതുജനത്തിന് അറിയില്ല. അതിനാൽ, അർഹർക്ക് ഈ വ്യവസ്ഥ പ്രയോജനപ്പെടുത്താനുള്ള നടപടികൾ വേണമെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് അപേക്ഷ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് വ്യക്തമാക്കി ബൈക്കിൽ സഞ്ചരിക്കവെ കാറിടിച്ച് ഗുരുതര പരിക്കേറ്റ ആലുവ ചൊവ്വര സ്വദേശി വി.കെ. ഭാസി നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
2021 നവംബർ രണ്ടിന് ജോലി സ്ഥലത്തുനിന്ന് മടങ്ങുമ്പോൾ കളമശ്ശേരി മേൽപാലത്തിൽവെച്ചാണ് ഹരജിക്കാരന് അപകടമുണ്ടായത്. ഇടിച്ചുവീഴ്ത്തിയ ശേഷം നിർത്താതെ പോയ കാർ കണ്ടെത്താനായില്ലെന്ന് കളമശ്ശേരി പൊലീസ് റിപ്പോർട്ട് നൽകി. തുടർന്ന് മോട്ടോർ വാഹന നിയമത്തിലെ നഷ്ട പരിഹാര വ്യവസ്ഥ (സൊളാട്ടിയം സ്കീം) പ്രകാരം നഷ്ടപരിഹാരത്തിന് അധികൃതരെ സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. അപേക്ഷയിൽ ക്ലെയിം എൻക്വയറി ഓഫിസറെ നിയമിക്കുകപോലും ചെയ്തില്ലെന്ന് ഹരജിക്കാരൻ ചൂണ്ടിക്കാട്ടി.
മോട്ടോർ വാഹന നിയമത്തിലെ 161(3) വകുപ്പ് പ്രകാരം അപകടത്തിൽ മരണപ്പെട്ടാൽ 25,000 രൂപയും മാരകമായി പരിക്കേറ്റാൽ 12,500 രൂപയും നഷ്ടപരിഹാരമായി നൽകാനാണ് വ്യവസ്ഥ. ജനറൽ ഇൻഷുറൻസ് കോർപറേഷൻ വഴിയാണ് പ്രത്യേക വിജ്ഞാപനത്തിലൂടെ കേന്ദ്രസർക്കാർ പദ്ധതി നടപ്പാക്കുന്നത്. അപകടം നടന്ന താലൂക്ക് പരിധിയിലെ ആർ.ഡി.ഒയാണ് ക്ലെയിംസ് എൻക്വയറി ഓഫിസർ.
ജില്ല കലക്ടർ ക്ലെയിംസ് സെറ്റിൽമെന്റ് കമീഷണറാണെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്തും ഇത്തരം കേസുകളിൽ ആർ.ഡി.ഒമാരെ ക്ലെയിം എൻക്വയറി ഓഫിസർമാരായും ജില്ല കലക്ടർമാരെ ക്ലെയിം സെറ്റിൽമെന്റ് ഓഫിസർമാരായും ചുമതലപ്പെടുത്തിയിട്ടുള്ളതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു. ഹരജിക്കാരൻ അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും അത് ശരിയായ ഫോമിലുള്ളതല്ലെന്നും വ്യക്തമാക്കി.
ഒരു മാസത്തിനകം ശരിയായ അപേക്ഷ സമർപ്പിക്കാൻ ഹരജിക്കാരനോട് കോടതി നിർദേശിച്ചു. ഈ അപേക്ഷ സ്വീകാര്യമല്ലെങ്കിൽ എൻക്വയറി ഓഫിസർ രേഖാമൂലം വ്യക്തമാക്കണം. അപേക്ഷ ലഭിച്ചാൽ ഒരു മാസത്തിനകം ക്ലെയിം എൻക്വയറി ഓഫിസർ കലക്ടർക്ക് കൈമാറണം. കലക്ടർ 15 ദിവസത്തിനകം ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.