ഓൺലൈനിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മർദിച്ച് പണം തട്ടി; കൗമാരക്കാരടങ്ങിയ ഹണിട്രാപ്പ് സംഘം അറസ്റ്റിൽ

അരീക്കോട്: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട 15കാരനെ കാണാനെത്തിയയാളെ മർദിച്ച് പണം തട്ടിയ അഞ്ചംഗ ഹണി ട്രാപ് സംഘം പിടിയിൽ. കാവനൂർ സ്വദേശി ചാലക്കണ്ടി വീട്ടിൽ അൻവർ സാദത്ത് (19), പുത്തലം സ്വദേശി ആഷിക് (18), എടവണ്ണ സ്വദേശി കണ്ണീരി വീട്ടിൽ ഹരികൃഷ്ണൻ (18), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരെയാണ് അരീക്കോട് എസ്.എച്ച്.ഒ വി ഷിജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ നവീൻ ഷാജ് അറസ്റ്റ് ചെയ്തത്.

അരീക്കോട് സ്വദേശിയാണ് മർദനമേറ്റയാൾ. ഇയാളെ പിടിയിലായ 15 കാരൻ സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ടാണ് തട്ടിപ്പിന് തുടക്കം കുറിച്ചത്. സൗഹൃദം ശക്തമായതോടെ അരീക്കോട് വെച്ച് ഇരുവരും കാണാൻ തീരുമാനിച്ചു.

പരാതിക്കാരൻ അരീക്കോട്ടെത്തിയ സമയത്ത് പ്രതികൾ സംഘം ചേർന്ന് ക്രൂരമായി മർദിച്ച് പണമാവശ്യപ്പെടുകയായിരുന്നു. ആദ്യം 20,000 രൂപയും പിന്നെ രണ്ട് ഘട്ടമായി ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതിൽ 40,000 രൂപ പരാതിക്കാരൻ സംഘത്തിന് നൽകി. വീണ്ടും പണം ആവശ്യപ്പെട്ടതോടെ ഭാര്യയുടെ ആഭരണം പണയംവെക്കാനെത്തിയ സമയത്താണ് വിഷയം അരീക്കോട് പൊലീസറിയുന്നത്.

തുടർന്ന് കേസെടുത്ത് അന്വേഷിക്കുകയും തട്ടിയെടുത്ത പണവുമായി കൊടൈക്കനാലിൽ പോയി തിരിച്ചെത്തിയ സംഘത്തെ തന്ത്രപരമായി വലയിലാക്കുകയുമായിരുന്നു. പ്രതികളിൽ മൂന്നുപേരെ വ്യാഴാഴ്ച മഞ്ചേരി കോടതിയിലും രണ്ടുപേരെ പ്രത്യേക കോടതിയിലും ഹാജരാക്കും.

അരീക്കോട് സ്റ്റേഷൻ പരിധിയിൽ ഹണി ട്രാപ് കേസുകൾ വർധിച്ചുവരുന്നതായി എസ്.എച്ച്.ഒ പറഞ്ഞു. ഹണി ട്രാപ് നടത്തിയ ഒരു കുടുംബത്തിലെ രണ്ടുപേരെ കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. സമാന തട്ടിപ്പിന് മറ്റു ചിലരും ഇരയായിട്ടുണ്ട്. എന്നാൽ, പരാതി നൽകാൻ പലരും മുന്നോട്ടുവരുന്നില്ല.

Tags:    
News Summary - Honeytrap gang of teenagers arrested from areekode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.