കൊയിലാണ്ടി: 25,000 വീടുകൾ തകർക്കപ്പെടുന്ന, ലക്ഷം കുടുംബങ്ങളെ കുടിയിറക്കുന്ന കെ റയിൽ അതിവേഗ പാത ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഉത്രാട നാളിൽ പട്ടിണി സമരം.
കോഴിക്കോട് ജില്ലയിൽ പാത കടന്നു പോവുന്ന എലത്തൂർ മുതൽ വടകര ചോറോട് വരെയുള്ള പ്രദേശങ്ങളിലെ ആക്ഷൻ കമ്മിറ്റിയുടെ സംയുക്ത കൂട്ടായ്മയായ കെ റയിൽ വിരുദ്ധ ജനകീയ സമിതി നേതൃത്വത്തിലാണ് ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചത്.
ജില്ല തല ഉദ്ഘാടനം കാട്ടില പീടികയിൽ ഡി.സി.സി പ്രസിഡൻറ് ടി. സിദ്ദീഖ് നിർവഹിച്ചു. സമരസമിതി ജില്ല ചെയർമാൻ ടി.ടി. ഇസ്മായിൽ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ, കൺവീനർ രാജീവൻ കൊടലൂർ എന്നിവർ സംസാരിച്ചു.
എലത്തൂർ, കാപ്പാട്, പൂക്കാട്, വെങ്ങളം, കൊയിലാണ്ടി, നന്തി, കടലൂർ നാരങ്ങോളികുളം, തിക്കോടി, പയ്യോളി, പുതുപ്പണം, വടകര, പെരുവട്ടം താഴ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ ഉപവാസ സമരം നടന്നു. മൂടാടി പഞ്ചായത്ത് തല ഉദ്ഘാടനം നന്തിയിൽ വിജയരാഘവൻ ചേലിയ നിർവഹിച്ചു.
വടകര പെരുവാട്ടും താഴത്ത് ടി. ശ്രീനിവാസനും പുതുപ്പണത്ത് യുവ സാഹിത്യകാരൻ ലിജീഷ് കുമാറും ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ 4.30 മണിക്കൂറിൽ ഓടിയെത്താൻ വേണ്ടി 63, 000 കോടി ചിലവഴിച്ചാണ് അതിവേഗ റെയിൽ പാതക്ക് നിർമാണാനുമതി നൽകിയത്.
കാൽ ലക്ഷം വീടുകൾ പൊളിച്ചും ലക്ഷം പേരെ കുടിയൊഴിപ്പിച്ചും 130 കി.മി ദൂരം നെൽപാടങ്ങളും തണ്ണീർതടങ്ങളും നികത്തിയും, സാമൂഹിക- പാരിസ്ഥിതിക ആഘാത പഠനങ്ങൾ ഇല്ലാതെയും നടപ്പാക്കാനൊരുങ്ങുന്ന തലതിരിഞ്ഞ വികസന പദ്ധതി കേരളത്തെ സർവനാശത്തിലേക്ക് നയിക്കുമെന്ന് സമരസമിതി നേതാക്കൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.