രോഗിയായതോടെ ഭർത്താവ് ഉപേക്ഷിച്ചു; രണ്ട് കുട്ടികളുടെ ഉമ്മക്ക് വൃക്ക നല്‍കിയ മണികണ്ഠനെ പ്രശംസിച്ച് ആരോഗ്യ മന്ത്രി

ഇരുവൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിക്ക് വൃക്ക ദാനം ചെയ്ത വയനാട് ചീയമ്പം പള്ളിപ്പടി സ്വദേശി മണികണ്ഠന് അഭിനന്ദവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവാവിന്റെ പ്രവൃത്തിയെ മന്ത്രി വാഴ്ത്തിയത്. മനുഷ്യ നന്മയുടെ പര്യായമാണ് മണികണ്ഠനെന്നും സ്വന്തം വൃക്ക നല്‍കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് ശക്തമായ മനുഷ്യ സ്‌നേഹമാണെന്നും മന്ത്രി കുറിച്ചു. മണികണ്ഠനും വൃക്ക സ്വീകരിച്ച സ്ത്രീയും എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെയെന്നും അവർ ആശംസിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

രാവിലെ മണികണ്ഠനെ വിളിച്ചു. വൃക്ക ദാനം ചെയ്ത ശസ്ത്രക്രിയക്ക് ശേഷമുള്ള വിശ്രമത്തിലാണ് മണികണ്ഠന്‍. ശസ്ത്രക്രിയ കഴിഞ്ഞിട്ട് പത്ത് ദിവസങ്ങളായിട്ടേയുള്ളൂ. രണ്ട് കുട്ടികളുള്ള ഉമ്മക്കാണ് അവരുടെ ജീവന്‍ രക്ഷിക്കാന്‍ മണികണ്ഠന്‍ വൃക്ക നല്‍കിയത്. ഡി.വൈ.എഫ്‌.ഐ നടത്തിയ അവയവദാന കാമ്പയിന്റെ ഭാഗമായി 2014ല്‍ അവയവദാനത്തിന് മണികണ്ഠന്‍ സമ്മതപത്രം നല്‍കിയിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം മാസങ്ങള്‍ക്ക് മുമ്പ് വൃക്ക ദാനം ചെയ്യാന്‍ തയാറാണോയെന്ന അന്വേഷണത്തോട് തയാറാണെന്ന് മണികണ്ഠന്‍ പ്രതികരിച്ചു. ഇരുവൃക്കകളും തകരാറിലായതോടെ ഭര്‍ത്താവ് ഉപേക്ഷിച്ച യുവതിക്കാണ് അവരുടെ അവസ്ഥ മനസിലാക്കി മണികണ്ഠന്‍ വൃക്ക നല്‍കാന്‍ തയാറായത്. പിന്നീട് നിയമ നടപടികളും മെഡിക്കല്‍ നടപടികളും പൂര്‍ത്തിയാക്കി ശസ്ത്രക്രിയ നടത്തി.

മനുഷ്യ നന്മയുടെ പര്യായമാണ് ഇന്ന് മണികണ്ഠന്‍. സ്വന്തം വൃക്ക നല്‍കാന്‍ മണികണ്ഠനെ പ്രേരിപ്പിച്ചത് ശക്തമായ മനുഷ്യ സ്‌നേഹമാണ്. മറ്റുള്ളവരെ കരുതാനും ചേര്‍ത്ത് പിടിക്കാനും പഠിപ്പിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഭാഗമാണ് മണികണ്ഠന്‍. സി.പി.ഐ.എം വയനാട് ചീയമ്പം പള്ളിപ്പടി ബ്രാഞ്ച് സെക്രട്ടറിയാണ് സഖാവ് മണികണ്ഠന്‍. മണികണ്ഠനും വൃക്ക സ്വീകരിച്ച ആളും എത്രയും പെട്ടെന്ന് പൂര്‍ണ ആരോഗ്യത്തോടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തട്ടെ.

Tags:    
News Summary - Husband left her after falling ill; Health Minister congratulated Manikandan who donated a kidney to a mother of two

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.