മലപ്പുറം: പഴയ കോൺഗ്രസുകാരനാണെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി ഇടത് എം.എൽ.എ പി.വി. അൻവർ. താൻ പഴയ കോൺഗ്രസുകാരനാണെന്ന് വ്യക്തമാക്കിയ അൻവർ ഇ.എം.എസ് ആരായിരുന്നുവെന്ന ചോദ്യവും ഉന്നയിച്ചു.
'ഇ.എം.എസ് ആരായിരുന്നു. ഇ.എം.എസ് കെ.പി.സി.സി സെക്രട്ടറിയായിരുന്നു. ഇ.എം.എസ് എങ്ങനെയാണ് സഖാവ് ഇ.എം.എസ് ആയത്. ഇ.എം.എസ് പഴയ കോൺഗ്രസ് ആണ്' -അൻവർ പറഞ്ഞു.
പാർട്ടിക്ക് എന്നെ വേണ്ടാ എന്ന് പറയുമ്പോൾ താൻ വേറെ മാർഗം നോക്കും. തന്നെ ചവിട്ടി പുറത്താക്കിയാലും മുഖ്യമന്ത്രിയെ തള്ളിപ്പറയില്ല. മുഖ്യമന്ത്രിയെയോ പാർട്ടിയെയോ തള്ളിപ്പറഞ്ഞ് ആളാകാൻ ഉദ്ദേശിക്കുന്നില്ല. മറ്റ് മാർഗമില്ലാത്തത് കൊണ്ടാണ് പാർട്ടിയുടെ ചട്ടക്കൂടിന് വിപരീതമായി പ്രവർത്തിച്ചത്. അത് സത്യമാണ്. തന്നെ ബന്ധപ്പെടാൻ ശ്രമിച്ചെന്ന് മുഖ്യമന്ത്രി പറഞ്ഞതും വാസ്തവമാണ്.
താൻ ഒരു ലോബിക്ക് വേണ്ടി പ്രവർത്തിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ഈ പ്രസ്താവന ആദ്യം പറഞ്ഞത് എ.ഡി.ജി.പി എം.ആർ. അജിത് കുമാർ ആണ്. ഡി.ജി.പിക്ക് മൊഴി നൽകിയ ശേഷം പുറത്തുവന്നപ്പോഴാണ് ഈ പ്രസ്താവന എ.ഡി.ജി.പി നടത്തിയത്. മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചാണ് പറയിപ്പിച്ചതെന്നും പി.വി അൻവർ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
അൻവറിന്‍റേത് ഇടതുപക്ഷ പശ്ചാത്തലമല്ലെന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അൻവർ വന്ന വഴിയുണ്ട്. അൻവർ വന്ന വഴി കോൺഗ്രസിന്‍റെ വഴിയാണ്. അവടിന്ന് ഇങ്ങോട്ട് വന്നതാണ്.
മാധ്യമങ്ങൾ വേണ്ടാത്ത വ്യാഖ്യാനത്തിന് പുറപ്പെടേണ്ട. പി.വി. അൻവർ തുടർച്ചയായി പറയുന്നതിന്‍റെ ഭാഗാമായാണ് താനും പറയുന്നത്. ഇനിയും വേണമെങ്കിൽ താനും തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.