കോഴിക്കോട്: വി.സി നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നടത്തിയ ഇടപെടൽ വ്യക്തമായ സാഹചര്യത്തിൽ മന്ത്രി രാജിവെക്കണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. പുറത്തുപോയില്ലെങ്കിൽ കെ.എസ്.യു പ്രക്ഷോഭത്തിനിറങ്ങും. ഇതിെൻറ ഭാഗമായി ബുധനാഴ്ച കാമ്പസുകളിൽ ഉന്നത വിദ്യാഭ്യാസ സംരക്ഷണ ദിനമായി ആചരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
സി.പി.എമ്മിെൻറ പരമാധികാര റിപ്പബ്ലിക്കാക്കി സർവകലാശാലകളെ മാറ്റാൻ ശ്രമിക്കുകയാണ്. സർവകലാശാലകളുടെ രാഷ്ട്രീയ അതിപ്രസരം തടയാൻ ഗവർണർ ചാൻസലർ പദവിയിൽ തുടരണം. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഇന്ന് കേരളത്തിൽ. വിദ്യാഭ്യാസ മേഖല മുഴുവൻ രാഷ്ട്രീയവത്കരിക്കാനുള്ള നീക്കമാണിപ്പോൾ നടക്കുന്നത്. സർവകലാശാലകളിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സിക്ക് വിടണം. പാർട്ടി നേതാക്കളുടെ ഭാര്യമാർക്ക് അനധികൃതമായി നിയമനം നൽകുന്നതിലെ പ്രത്യുപകാരം അവസാന നിമിഷം ഗവർണർക്ക് തുറന്നുപറയാൻ തോന്നിയത് വിഷയം ജനങ്ങളിലെത്തിക്കാൻ ഉപകരിച്ചു.
നിയമ വിദ്യാർഥിനി മൊഫിയ പർവീെൻറ ആത്മഹത്യയുമായി ബന്ധപ്പെട്ട് സമരം നടത്തിയ കെ.എസ്.യു-യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തീവ്രവാദികളാക്കാനുള്ള പിണറായി സർക്കാറിെൻറ പൊലീസ്, യോഗി ആദിത്യനാഥിെൻറ പൊലീസായി മാറിയെന്ന് കെ. അഭിജിത്ത് പറഞ്ഞു. തലശ്ശേരിയിൽ മുസ്ലിംകൾക്ക് നമസ്കരിക്കാൻ പള്ളിയുണ്ടാകില്ലെന്ന് മുദ്രാവാക്യം വിളിച്ച ആർ.എസ്.എസുകാർക്കെതിരെ കേസെടുക്കാത്തതിന് പൊലീസ് കാരണം പറഞ്ഞത് പരാതി കിട്ടിയില്ല എന്നായിരുന്നു. കേരള പൊലീസിെൻറ നിയന്ത്രണം പിണറായി വിജയനല്ലെന്നും സംഘ്പരിവാറിനാണെന്നുമുള്ള ആരോപണം ശരിവെക്കുന്നതാണ് ഇത്തരം സംഭവങ്ങളെന്നും അഭിജിത്ത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.