ഇപ്പോൾ നന്നായില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ഒരിക്കലും നന്നാകില്ലെന്ന് സി.എം.ഡി

തിരുവനന്തപുരം: ഇപ്പോൾ നന്നായില്ലെങ്കിൽ കെ.എസ്.ആർ.ടി.സി ഒരിക്കലും നന്നാകില്ലെന്ന് സി.എം.ഡി ബിജു പ്രഭാകർ. കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി സമൂഹ മാധ്യമ വിഡിയോയിലൂടെ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. കെ.എസ്.ആർ.ടി.സിയിലെ പ്രശ്നങ്ങൾ താനുണ്ടാക്കിയതല്ല. കെ.എസ്.ആർ.ടി.സിയോടുള്ള താൽപര്യം കാരണം അഞ്ച് വർഷത്തെ പദ്ധതിയുമായാണ് താന്‍ വന്നത്. കോവിഡ് പ്രതിസന്ധിയിലും ജീവനക്കാരുടെ ആനുകൂല്യങ്ങൾ കൃത്യമായി നൽകിയിരുന്നു. കെ.എസ്.ആർ.ടി.സിയുടെ എല്ലാ നഷ്ടത്തിനും സർക്കാർ പണം നൽകണമെന്ന് പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സി.എം.ഡി നല്ല രീതിയിൽ സ്ഥാപനത്തെ കൊണ്ടുപോയാല്‍ ചിലരുടെ അജണ്ട നടക്കില്ല എന്നതിനാൽ സ്ഥാപനത്തെയും എം.ഡിയെയും തകർക്കാനാണ് ശ്രമം. ചിലർ എന്തും പറയാം എന്ന തലത്തിലേക്ക് എത്തി. യൂനിയനുകളല്ല, ചില ജീവനക്കാരാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. തന്റെ അച്ഛനെ മോശമായി ചിത്രീകരിച്ച് ബസുകളിൽ ബോർഡ് പതിപ്പിച്ചു. അവർക്കെതിരെ നടപടി സ്വീകരിച്ചില്ല. സമരം നടത്തിയ യൂനിയനുകൾക്കെതിരെയും നടപടി സ്വീകരിച്ചിട്ടില്ല. കെ.എസ്.ആർ.ടി.സി എന്തുവന്നാലും നന്നാക്കണമെന്നാണ് സർക്കാർ നിലപാട്. സ്ഥാപനം നിലനിൽക്കണമെങ്കിൽ കൂട്ടായി പ്രവർത്തിക്കണം.

പൈസ കൈയിൽ വെച്ച് ശമ്പളം നൽകാത്തതല്ല എന്ന് എല്ലാവരും മനസ്സിലാക്കണം. തെറ്റിദ്ധരിച്ച് വിമർശിക്കരുത്. താൻ സി.എം.ഡിയായിട്ട് ജൂണിൽ മൂന്ന് വർഷമാകുന്നു. ട്രാൻസ്പോർട്ട് സെക്രട്ടറിയും സി.എം.ഡിയുമായി ഒരുദ്യോഗസ്ഥൻ പ്രവർത്തിക്കുന്നതും ആദ്യമാണ്. കെ.എസ്.ആർ.ടി.സിയെ മുന്നോട്ടു നയിക്കാൻ എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യർഥിച്ചു. സി.എം.ഡി സ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയെ കണ്ടതിന് പിന്നാലെയായിരുന്നു ബിജു പ്രഭാകറിന്റെ വിശദീകരണ വിഡിയോ. ഈ മാസം 20ന് മുമ്പ് ജീവനക്കാർക്ക് ശമ്പളം നൽകിയില്ലെങ്കിൽ സി.എം.ഡി നേരിട്ട് ഹാജരാകണമെന്ന് ഹൈകോടതി നിർദേശിച്ചിരുന്നു. ഇന്നലെ ആദ്യഗഡു മാത്രമാണ് നൽകാനായത്.

Tags:    
News Summary - If it is not good now, KSRTC will never be good, says CMD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.