യു.ഡി.എഫ് വിജയിച്ചാല്‍ കെ റെയില്‍ ഉപേക്ഷിക്കാന്‍ തയാറാകുമോയെന്ന് കെ. സുധാകരന്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വിജയിച്ചാല്‍ കെ റെയില്‍ പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന്‌ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരന്‍ എം.പി. അത്തരം ഒരു വെല്ലുവിളിയേറ്റെടുക്കാന്‍ മുഖ്യമന്ത്രിക്ക് ചങ്കൂറ്റമുണ്ടോ. തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ റെയില്‍ സര്‍വേ കല്ലിടല്‍ നിര്‍ത്താനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തതെങ്കില്‍ അത് വെറും രാഷ്ട്രീയ പാപ്പരത്തമാണെന്നും സുധാകരൻ പറഞ്ഞു.

കല്ലിടല്‍ നിര്‍ത്തിയത് കോണ്‍ഗ്രസും യു.ഡി.എഫും നടത്തിയ പ്രതിഷേധ സമരങ്ങളുടെ ഒന്നാംഘട്ട വിജയമാണ്. കെ റെയില്‍ കല്ലിടല്‍ പ്രതിഷേധങ്ങളുടെ പേരില്‍ സര്‍ക്കാര്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാനും പൊതുജനങ്ങളില്‍ നിന്നും ഈടാക്കിയ പിഴ തിരികെ നല്‍കാനും സര്‍ക്കാര്‍ തയാറാകണം. എത്ര തുകയാണ് നാളിതുവരെ കല്ലിടാന്‍ ഖജനാവില്‍ നിന്ന് ചെലവാക്കിയതെന്ന് വെളിപ്പെടുത്തുകയും അത് ബന്ധപ്പെട്ടവരില്‍ നിന്ന് തിരിച്ച് പിടിക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും വേണമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു.

ജി.പി.എസ് വഴി സാമൂഹിക ആഘാത പഠനം നടത്തണമെന്ന് കോണ്‍ഗ്രസ് നേരത്തെ പറഞ്ഞതാണ്. എന്നാലത് ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും തയാറായില്ല. സര്‍ക്കാര്‍ സര്‍വേ കല്ലിടല്‍ നിര്‍ത്തിയതിന് പിന്നില്‍ തെറ്റുതിരുത്താനുള്ള ബുദ്ധിയാണെങ്കില്‍ അതിനെ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. അതല്ല തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വരെ കല്ലിടലിന് എടുത്ത ഇടവേളയാണെങ്കില്‍ അത് കേരള ജനതയെ വഞ്ചിക്കുന്നതിന് തുല്യമാണ്.

കോണ്‍ഗ്രസ് മുന്നില്‍ നിന്ന് നയിച്ച പ്രതിഷേധമാണ് ഇപ്പോള്‍ വിജയം കണ്ടത്. കേരളത്തിന്റെ പരിച്ഛേദം സമരമുഖത്തുണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും പ്രായമായവരും കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ അണിനിരന്നു. കല്ലിട്ടാല്‍ പിഴുതെറിയുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനം പൊതുജനം ഏറ്റെടുത്തു. എന്നിട്ടും പ്രതികാര മനോഭാവത്തോടെ ജനങ്ങളെ വെല്ലുവിളിച്ചാണ് സര്‍ക്കാര്‍ കല്ലിടലുമായി മുന്നോട്ട് പോയത്. ഈ വെല്ലുവിളി ജനാധിപത്യ സംവിധാനത്തിന് ഭൂഷണമല്ലെന്നും കെ. സുധാകരന്‍ ചൂണ്ടിക്കാട്ടി

Tags:    
News Summary - If the UDF wins, will the government be ready to abandon the K Rail? - K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.