കണ്ണൂർ: ഇരിട്ടി മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്ര കമ്മിറ്റി ബുധനാഴ്ച നടത്താനിരുന്ന ഇഫ്താര്‍-സ്നേഹസംഗമം ഒഴിവാക്കിയത് പരിപാടിക്കെതിരെ ചിലർ ഹൈകോടതിയിൽ ഹരജി നൽകിയതോടെ. പരിപാടി നിശ്ചയിച്ചത് മുതൽ സംഘ്പരിവാർ സംഘടനകൾ വ്യാപക എതിർപ്പ് അറിയിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ നടത്തിവരുന്ന പ്രചാരണങ്ങൾക്കു പിന്നാലെ ഏതാനും പേർ ഹൈകോടതിയെയും സമീപിച്ചതോടെയാണ് പരിപാടി റദ്ദാക്കിയത്.
ക്ഷേത്രത്തിന്റെ പാർക്കിങ് ഏരിയയിലാണ് ഇഫ്താർ- സ്നേഹസംഗമം നടത്താൻ നിശ്ചയിച്ചിരുന്നത്. എം.എൽ.എ, പള്ളി വികാരി, ഖത്തീബ് തുടങ്ങിയവരെ ഉൾപ്പെടുത്തി സംഗമം നിശ്ചയിച്ച അന്നുമുതൽ സമൂഹമാധ്യമങ്ങളിൽ സംഘ് പരിവാർ നേതാക്കൾ ഉൾപ്പെടെയുള്ളവർ എതിർപ്പുമായി വന്നതായി ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര പോർക്കലി കലശ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഇഫ്താർ തടയണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി ശ്രീകുമാർ മാങ്കുഴി, കൊട്ടിയൂർ സ്വദേശി വി.എസ്. അനൂപ് എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്. എല്ലാ മതസ്ഥർക്കും പ്രവേശനമുള്ള ക്ഷേത്രമാണിതെന്നും ഇഫ്താറിന് പ്രത്യേകം അനുമതി നൽകിയിട്ടില്ലെന്നും ക്ഷേത്രം എക്സിക്യൂട്ടിവ് ഓഫിസർ ഹൈകോടതിയെ അറിയിക്കുകയും ചെയ്തു. തുടർന്നാണ് ഇഫ്താർ വേണ്ടെന്നുവെച്ചതെന്നും ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.