മലപ്പുറം: പരിസ്ഥിതിസൗഹൃദമെന്ന നിലയിൽ പ്രത്യേക പരിഗണനയും പ്രോത്സാഹനവും നൽകി വിറ്റഴിച്ച ഇലക്ട്രിക് ഓട്ടോകൾ വാങ്ങിയവർക്ക് അവഗണന. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വലിയ വാഗ്ദാനങ്ങൾ കേട്ട് ഓട്ടോ എടുത്ത് ജീവിതസവാരി തുടങ്ങിയവരാണ് കടുത്ത പ്രതിസന്ധിയിൽ നെട്ടോട്ടമോടുന്നത്.
കുറഞ്ഞ ചെലവ്, സൗകര്യപ്രദമായ ചാർജിങ് സ്റ്റേഷനുകൾ, പ്രത്യേക പെർമിറ്റില്ലാതെ സർവിസ് അനുമതി, മലിനീകരണ സർട്ടിഫിക്കറ്റ് വേണ്ട തുടങ്ങിയ കാര്യങ്ങൾ സർക്കാർ ഉത്തരവുകളിലും രേഖാമൂലമുള്ള മറുപടികളിലും വ്യക്തമായി പറയുന്നുണ്ടെങ്കിലും ഈ ആനുകൂല്യങ്ങളൊന്നും ഈ വണ്ടിയുമായി നിരത്തിലിറങ്ങുന്നവർക്ക് കിട്ടുന്നില്ല.
ഗതാഗത വകുപ്പിൽനിന്ന് ലഭിച്ച വിവരാവകാശ രേഖയിൽ സർക്കാർ പറയുന്നത് 2018ലെ കേന്ദ്രസർക്കാർ ഉത്തരവ് പ്രകാരം ഇലക്ട്രിക് ഓട്ടോകളെ പെർമിറ്റ് എടുക്കുന്നതിൽ ഒഴിവാക്കിയിട്ടുണ്ടെന്നാണ്. ഇലക്ട്രിക് ഒട്ടോകൾക്ക് പ്രത്യേക നിറമോ ഡ്രൈവർമാർക്ക് പ്രത്യേക യൂനിഫോമോ നിശ്ചയിച്ചിട്ടില്ലെന്നും പറയുന്നു.
എന്നാൽ, ഈ അവകാശങ്ങൾ സംരക്ഷിക്കാനോ നിറവേറ്റാനോ മോട്ടോർ വാഹന വകുപ്പോ പൊലീസോ തയാറാവുന്നില്ലെന്ന് ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ ആരോപിക്കുന്നു. ഈ നിയമത്തെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥർക്കും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കും കാര്യമായ അറിവില്ലാത്തതിനാൽ വാഹന പരിശോധനയുടെ പേരിൽ ചൂഷണം നടക്കുന്നതായും ഇവർ പറയുന്നു.
യൂനിഫോം ധരിക്കാതെ വാഹനം ഓടിച്ചതിന്റെ പേരിലും മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലാത്തതിന്റെ പേരിലും ഡ്രൈവർമാരിൽനിന്ന് പൊലീസ് അനാവശ്യമായി പിഴ ഇൗടാക്കിയിട്ടുണ്ടെന്ന് ഇവർ തെളിവുകൾ സഹിതം വ്യക്തമാക്കുന്നു. കൂടാതെ, ആർ.ടി.ഒ നൽകുന്ന ഗുണമേന്മയില്ലാത്ത നമ്പർ പ്ലേറ്റുകൾ നിറംമങ്ങിപ്പോയതിനും പിഴ ചുമത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബിയുമായി സഹകരിച്ച് ലഭ്യമാക്കേണ്ട സേവനങ്ങളും നിഷേധിക്കുന്നതായും പരാതിയുണ്ട്.
ഗതാഗാത കമീഷണർ റീജനൽ ട്രാൻസ്പോർട്ട് ഓഫിസർമാർക്ക് നൽകിയ ഉത്തരവിൽ ഇലക്ട്രിക് വാഹനങ്ങൾക്ക് പെർമിറ്റില്ലാതെ അംഗീകൃത സ്റ്റാൻഡുകളിൽ വാഹനം പാർക്ക് ചെയ്യാമെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ, ഈ ആനുകൂല്യവും കിട്ടുന്നില്ലെന്നതാണ് യാഥാർഥ്യം. ഇ-ഓട്ടോ ഡ്രൈവർമാർ നേരിടുന്ന അവഗണനയും പ്രശ്നങ്ങളും നിരന്തരം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും ഇതുവരെ അനുകൂല നടപടി വന്നിട്ടില്ലെന്ന് കേരള ഇലക്ട്രിക് റിക്ഷഡ്രൈവേഴ്സ് യൂനിയൻ (കെ.ഇ.ആർ.ഡി.യു) പ്രസിഡന്റ് സി.എം. സഹാദുദ്ദീൻ, സെക്രട്ടറി പി.പി. അബ്ദുല്ല എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.