50 വർഷമായി കൈവശമുള്ള സ്ഥലം 82 കാരന് പതിച്ചു നൽകുന്നതിൽ ഉടൻ തീരുമാനമെടുക്കണം-മനുഷ്യാവകാശ കമീഷൻ

വർക്കല: 50 വർഷമായി കൈവശമുള്ള 10 സെന്റ് സ്ഥലം 82 കാരന് പതിച്ചു നൽകുന്നതിൽ ഉടൻ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ പരിശോധിച്ച് മൂന്ന് ആഴ്ചക്കകം വർക്കല തഹസിൽദാരെ അറിയിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ്. അലക്സാണ്ടർ തോമസ് നിർദേശിച്ചു.

പൊതുമരാമത്ത് വകുപ്പിന്റെ അഭിപ്രായം ലഭിച്ചാലുടൻ പരാതിക്കാരനെ കേട്ടും രേഖകൾ പരിശോധിച്ചും നിയമപ്രകാരമുള്ള ലാന്റ് അസൈൻമെന്റ് നടപടി ക്രമങ്ങൾ മൂന്ന് മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്നും കമീഷൻ ലാന്റ് അസൈൻമെന്റ് ഡപ്യൂട്ടി കലക്ടർക്ക് നിർദേശം നൽകി.

വെട്ടൂർ വില്ലേജ് ഓഫീസിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. പരാതിക്കാരനായ ടി.കെ. സഹദേവന് ഈ സ്ഥലത്ത് ഒരു കടയുണ്ടായിരുന്നുവെന്നും രേഖകൾ പ്രകാരം സ്ഥലം സർക്കാർ പുറമ്പോക്ക് റോഡാണെന്നും സ്ഥലത്ത് നിന്നും പരാതിക്കാരനെ ഒഴിപ്പിക്കുന്നത് വർക്കല മുൻസിഫ് കോടതി തടഞ്ഞിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

പതിച്ചു നൽകാൻ ആവശ്യപ്പെടുന്ന സ്ഥലം സർക്കാർ പുറമ്പോക്കായതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ കൂടി അനുമതി ആവശ്യമാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. പരാതിക്കാരൻ തനിക്ക് തർക്കത്തിലുള്ള 10 സെന്റ് മാത്രമാണുള്ളതെന്ന് കമീഷനെ അറിയിച്ചു. ഇക്കാര്യത്തിൽ തീരുമാനം അനന്തമായി നീട്ടികൊണ്ടുപോകുന്നത് ശരിയല്ലെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ വ്യക്തമാക്കി.

Tags:    
News Summary - Immediate decision should be taken on allotment of land held for 50 years to 82-year-old-Human Rights Commission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.