ആസാദി കാ അമൃത്​ മഹോത്സവത്തിന്‍റെ ഭാഗമായി പാ​​ങ്ങോട്​ സൈനിക കേന്ദ്രത്തിൽ തിരംഗയാത്രക്ക്​ നൽകിയ സ്വീകരണ ചടങ്ങിൽ സേനാംഗങ്ങൾ അവതരിപ്പിച്ച അഭ്യാസപ്രകടനം

സ്വാതന്ത്ര്യദിനം ആഘോഷത്തുടക്കം; പഴുതടച്ച സുരക്ഷ

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികത്തോടനുബന്ധിച്ച് ആഘോഷങ്ങൾ ഞായറാഴ്ച രാത്രി തന്നെ ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുമാത്രമേ ആഘോഷം പാടുള്ളൂവെന്ന് കേന്ദ്ര സർക്കാർ നിർദേശമുള്ളതിനാൽ അപ്രകാരമാകും ക്രമീകരണങ്ങൾ. സംസ്ഥാനത്ത് പഴുതടച്ച സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ജില്ല പൊലീസ് മേധാവിമാർക്കാണ് സുരക്ഷ ചുമതല.

മുൻകരുതലിനായി ഞായറാഴ്ച രാവിലെ മുതൽ തന്നെ പരിശോധനകൾ പൊലീസ് ശക്തമാക്കി. തീരപ്രദേശങ്ങൾ, ബസ് സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ഡോഗ്-ബോംബ് സ്ക്വാഡുകൾ ഉൾപ്പെടെ പരിശോധന നടത്തി. സ്വാതന്ത്ര്യദിന പരേഡ് നടക്കുന്ന സെൻട്രൽ സ്റ്റേഡിയവും പരിസരവും ആറ് സോണുകളായി തിരിച്ചാണ് സുരക്ഷ. ഓരോ സോണിന്റെയും ചുമതല അസി. കമീഷണർമാർക്കായിരിക്കും. ഇതിനുപുറമെ അടിയന്തര സാഹചര്യം നേരിടാൻ കമാൻഡോ വിങ്, ക്വിക് റെസ്പോൺസ് ടീം വിഭാഗങ്ങളെയും നിയോഗിച്ചു. സംശയാസ്പദമായ സാഹചര്യങ്ങളിൽ കാണുന്നവരെക്കുറിച്ച് വിവരം കൈമാറാനും നിർദേശം നൽകിയിട്ടുണ്ട്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ദേശീയപതാക ഉയർത്തും. പിന്നാലെ ജില്ലകളിൽ ദേശീയപതാക ഉയർത്തലും സ്വാതന്ത്ര്യദിന പരേഡും നടക്കും. ജില്ലകളിൽ മന്ത്രിമാർ നേതൃത്വം നൽകും. സെൻട്രൽ സ്‌റ്റേഡിയത്തിൽ പൊലീസ്, പാരാ മിലിറ്ററി സേന, സൈനിക സ്‌കൂൾ, കുതിര പൊലീസ്, എൻ.സി.സി, സ്‌കൗട്ട് എന്നിവരുടെ പരേഡ് നടക്കും. മുഖ്യമന്ത്രി ഗാർഡ് ഓഫ് ഓണർ സ്വീകരിക്കും. ദേശീയഗാനാലാപനം, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, ദേശഭക്തിഗാനാലാപനം തുടങ്ങിയവയുമുണ്ടാകും. ചടങ്ങിൽ മുഖ്യമന്ത്രി വിവിധ മെഡലുകൾ സമ്മാനിക്കും.

ജില്ല തലങ്ങളിലും വിപുലമായ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ നടക്കും. സബ് ഡിവിഷനൽ, ബ്ലോക്ക് തലങ്ങളിലും തദ്ദേശ സ്ഥാപന തലത്തിലും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുണ്ടാകും. സർക്കാർ ഓഫിസുകൾ, സ്‌കൂളുകൾ, കോളജുകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും രാവിലെ ഒമ്പതിനോ അതിനുശേഷമോ ചടങ്ങുകൾ സംഘടിപ്പിക്കും. വകുപ്പ് മേധാവികളും സ്ഥാപനമേധാവികളും ദേശീയ പതാക ഉയർത്തും. ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലും 13 മുതൽ ദേശീയപതാക ഉയർത്തിയിട്ടുണ്ട്. വിവിധ സ്ഥാപനങ്ങളുടെയും ക്ലബുകളുടെയും യുവജന-സാംസ്കാരിക സംഘടനകളുടെയും നേതൃത്വത്തിലും പ്രത്യേക പരിപാടികൾ നടക്കും. രാഷ്ട്രീയ പാർട്ടികളും ആഘോഷ പരിപാടികൾ നടത്തുന്നുണ്ട്. സ്കൂളുകൾ ഘോഷയാത്ര അടക്കം പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

Tags:    
News Summary - Independence Day celebrations include; tight security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.