ഹിന്ദു ക്ഷേത്രങ്ങൾ ഏറ്റെടുക്കാൻ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നുവെന്ന ഇന്ദു മല്‍ഹോത്രയുടെ അഭിപ്രായത്തോട് പ്രതികരിച്ച് യു.യു. ലളിത്

ന്യൂഡല്‍ഹി: ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം ലക്ഷ്യമിട്ട് അവ ഏറ്റെടുക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നുവെന്നത് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വ്യക്തിപരമായ അഭിപ്രായം ആണെന്ന് മുന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത്. മലയാളം വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവച്ചത്.

പദ്മനാഭ സ്വാമി ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം അംഗീകരിച്ചുള്ള സുപ്രീം കോടതി വിധി 2020 ജൂലൈ പതിമൂന്നിന് പ്രസ്താവിച്ചത് ജസ്റ്റിസ് മാരായ യു.യു ലളിതും ഇന്ദു മല്‍ഹോത്രയും അടങ്ങിയ ബെഞ്ചാണ്. എന്നാല്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ പദ്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചപ്പോള്‍ ക്ഷേത്രം ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്റെ നീക്കം താനും ജസ്റ്റിസ് യു.യു ലളിതും തടഞ്ഞുവെന്നും അവകാശപ്പെട്ടിരുന്നു.

ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം ലക്ഷ്യമിട്ട് അവ ഏറ്റെടുക്കാന്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ശ്രമിക്കുന്നുവെന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ആരോപിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചിരുന്നു. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ഈ അഭിപ്രായങ്ങള്‍ ആണ് വിധി എഴുതിയ മുന്‍ ചീഫ് ജസ്റ്റിസ് യു.യു. ലളിത് തള്ളിക്കളഞ്ഞത്.

പദ്മനാഭ സ്വാമി ക്ഷേത്ര ഭരണത്തില്‍ തിരുവിതാംകൂര്‍ രാജ കുടുംബത്തിന്റെ അവകാശം അംഗീകരിച്ചത് നിയമം പരിഗണിച്ചാണെന്ന് അദ്ദേഹം പറഞ്ഞു. കേസുമായി ബന്ധപ്പെട്ട സവിശേഷമായ വസ്തുതകളും നിയമവും പരിഗണിച്ചാണ് വിധി എഴുതിയത്. തിരുവിതാംകൂര്‍, കൊച്ചി ഹിന്ദു ആരാധനാലയ നിയമത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന് പദ്മനാഭ സ്വാമി ക്ഷേത്രം ഭരണത്തിലുള്ള അധികാരത്തെ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതിനാലാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് അവകാശങ്ങളില്‍ തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ അധികാരം ഉണ്ടെന്ന് വ്യക്തമാക്കി ഉത്തരവ് ഇറക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Indu Malhotra's opinion is personal- U.U. Lalit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.