കൊച്ചി: പല സംസ്ഥാനങ്ങളിലും കറങ്ങി നടന്ന് ലാപ് ടോപ്പുകളും ബൈക്കുകളും മോഷ്ടിക്കുകയും കെ.എസ്.ഇ.ബിയിലെയും ജല അതോറിറ്റിയിലെയും ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തി വീടുകളിൽ കയറി മോഷണം നടത്തുകയും ചെയ്ത അന്തർ സംസ്ഥാന സംഘത്തിലെ പ്രധാനി പിടിയിൽ.
തമിഴ്നാട് സ്വദേശി വിനായകിനെയാണ് പ്രത്യേക പൊലീസ് സംഘം തമിഴ്നാട് അമ്പൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്.
ഇയാളുടെ അമ്മ മലപ്പുറം സ്വദേശിയാണ്. വിമാന മാർഗം കേരളത്തിലെത്തി മോഷണം നടത്തിയ ശേഷം തിരിച്ചുപോകുന്നതാണ് ഇവരുടെ രീതി.
തമിഴ്നാട്ടിൽ നിന്നുതന്നെയുള്ള സംഘത്തിലെ മറ്റ് പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷണം നടത്താൻ ഉദ്ദേശിക്കുന്ന സ്ഥലത്തിന് കുറച്ചകലെ നിന്നും ബൈക്ക് മോഷ്ടിക്കുകയും അതിൽ കറങ്ങിനടന്ന് വീടുകളും സ്ഥാപനങ്ങളും കണ്ട് വെക്കുകയുമാണ് രീതി.
എറണാകുളം സൗത്ത് സ്റ്റേഷൻ പരിധിയിൽനിന്ന് രണ്ട് ലാപ്ടോപ്പും സെൻട്രൽ സ്റ്റേഷൻ പരിധിയിൽ നിന്ന് ഏഴ് ലാപ്ടോപ്പും ഏലൂർ, അങ്കമാലി സ്റ്റേഷൻ പരിധികളിൽ നിന്നായി രണ്ട് ബൈക്കുകളും മോഷ്ടിച്ചതായി ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
എറണാകുളം ടൗൺ സൗത്ത് പൊലീസ് ഇൻസ്പെക്ടർ പ്രേമാനന്ദ൯, സൗത്ത് എസ്.ഐ സി. മനോജ്, എസ്.സി.പി.ഒ നിഖിൽ, സുമേഷ്, എ.സി.പിയുടെ സ്ക്വാഡ് അംഗങ്ങളായ എസ്.ഐ സി.എം. ജോസി, എ.എസ്.ഐ പി. അനിൽകുമാർ, എസ്.സി.പി.ഒ സനീപ് കുമാർ, എം. മഹേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.