തൊടുപുഴ: ഇടുക്കി ജില്ലയിൽ ചെറിയ ഇടവേളക്കുശേഷം സി.പി.എമ്മും സി.പി.ഐയും വീണ്ടും പോരിലേക്ക്. അനധികൃത ഖനനം, കൈയേറ്റം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് എൽ.ഡി.എഫ് ഘടകകക്ഷികൾ തമ്മിൽ നേർക്കുനേർ പോരിന് കളമൊരുങ്ങുന്നത്. വികസന സ്തംഭനത്തിൽ മാർച്ച് 25ന് സി.പി.എമ്മും അനധികൃത ഖനനത്തിനെതിരെ മാർച്ച് 26ന് സി.പി.ഐയും സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
കപട പരിസ്ഥിതിവാദികൾ, യു.ഡി.എഫ്, ഉദ്യോഗസ്ഥർ എന്നിവരെ കുറ്റം പറഞ്ഞാണ് സി.പി.എം സമരം പ്രഖ്യാപിച്ചത്. സമരപ്രഖ്യാപനത്തിനിടെ സി.പി.ഐ ഭരിക്കുന്ന റവന്യൂ വകുപ്പിനെതിരെ പരസ്യ വിമർശനം സി.പി.എം ജില്ല സെക്രട്ടറി സി.വി. വർഗീസ് ഉന്നയിച്ചു.
സാമ്പത്തിക വർഷാവസാനത്തിൽ നിർമാണ ജോലികൾ തിരക്കിട്ടു തീർക്കുന്നതിനിടെ നിർമാണ സാമഗ്രികളുമായി വരുന്ന ലോറികൾ ജില്ല കലക്ടറുടെ നേതൃത്വത്തിൽ ഒരു കാരണവുമില്ലാതെ കസ്റ്റഡിയിൽ എടുക്കുകയാണെന്നും കുറ്റപ്പെടുത്തുന്നുണ്ട്. സി.പി.ഐ കൈകാര്യം ചെയ്യുന്ന റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥരും ജില്ലയുടെ വികസനം തടയുകയാണെന്നും ജനങ്ങളെ മലയിറങ്ങാൻ പ്രേരിപ്പിക്കുകയാണെന്നും സി.വി. വർഗീസ് കട്ടപ്പനയിൽ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം, കൈയേറ്റത്തിനും അനധികൃത ഖനനത്തിനും ഒത്താശ ചെയ്യുന്നതും നടപടിയെടുക്കാത്തതും സി.പി.എം ഭരിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പും പൊലീസും ആണെന്ന് സി.പി.ഐ നേതാക്കൾ പറയുന്നു. കൈയേറ്റ സ്ഥലത്ത് പെർമിറ്റ് അടക്കം അനുവദിക്കുന്നുണ്ട്. കൈയേറ്റക്കാർക്കെതിരെ പൊലീസ് ക്രിമിനൽ കേസ് എടുക്കുന്നുമില്ല. ഖനന നിയന്ത്രണത്തിൽ ഇളവ് വരുത്തേണ്ടത് മന്ത്രി പി. രാജീവിന്റെ കീഴിലുള്ള മൈനിങ് ആൻഡ് ജിയോളജി വകുപ്പാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ. സലിംകുമാർ പ്രതികരിച്ചു.
മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഇളവുകൾ നൽകി നിർമാണ സ്തംഭനം ഒഴിവാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. സി.പി.ഐ നേതൃത്വത്തിൽ കൈയേറ്റത്തിനെതിരെ മാർച്ച് 26ന് പീരുമേട് താലൂക്ക് ഓഫിസിലേക്ക് മാർച്ച് നടത്തുന്നുണ്ട്. അന്ന് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സി.വി. വർഗീസിന്റെ മകന്റെയും മരുമകന്റെയും നേതൃത്വത്തിൽ അനധികൃത ഖനനം നടക്കുന്നുണ്ടെന്ന ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരിയിൽ ജില്ല കലക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതോടൊപ്പം പരുന്തുംപാറ അടക്കം കൈയേറ്റങ്ങളിലും രാഷ്ട്രീയ നേതാക്കളുടെ പേരുകളും ഉയർന്നുവന്നിരുന്നു. കൈയേറ്റം വലുതായാലും ചെറുതായാലും അംഗീകരിക്കാനാകില്ലെന്നും കൈയേറ്റം നടത്താത്ത പാർട്ടി സി.പി.ഐ ആണെന്നും കെ. സലിംകുമാർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.