കൽപറ്റ: സി.പി.എം നിയന്ത്രണത്തിലുള്ള ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിൽ ലക്ഷങ്ങൾ നിക്ഷേപിച്ച് ഇരകളാക്കപ്പെട്ടവർ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നു. ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി വിക്ടിംസ് ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസം ചേർന്ന എക്സിക്യൂട്ടിവ് യോഗത്തിലാണ് തീരുമാനം. സമരപരിപാടികളുമായി മുന്നോട്ടുപോകുന്നതോടൊപ്പംതന്നെ നിയമപരമായി നേരിടാൻ വേണ്ട കാര്യങ്ങൾ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്. കണ്ണൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ളവരും പങ്കെടുക്കും.
നിക്ഷേപകർ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരിൽ കണ്ട് കാര്യങ്ങൾ അറിയിക്കും. അനുകൂല പ്രതികരണമല്ലെങ്കിൽ പാർട്ടിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പരസ്യമായി ബഹിഷ്കരിക്കും. തൊഴിലാളിവർഗ പ്രസ്ഥാനം കർഷകരക്ഷക്കായി ആരംഭിച്ച സ്ഥാപനത്തിന്റെ കെടുകാര്യസ്ഥത ജനങ്ങളെ അറിയിക്കാൻ വാർത്തസമ്മേളനം നടത്താനും തീരുമാനിച്ചിട്ടുണ്ട്.
ജില്ലയിലെ പ്രധാന കേന്ദ്രങ്ങളെ ഉൾപ്പെടുത്തി പ്രചാരണ വാഹനജാഥ നടത്തും. ഇരകളാക്കപ്പെട്ട മുഴുവൻ കുടുംബങ്ങളിലെയും എല്ലാ അംഗങ്ങളെയും ഉൾപ്പെടുത്തി രണ്ടാംഘട്ടമായി കലക്ടറേറ്റിലേക്ക് മാർച്ചും ധർണയും നടത്തും. അടുത്തഘട്ടമായി സി.പി.എം ജില്ല ആസ്ഥാനത്തേക്ക് വഞ്ചിക്കപ്പെട്ട മുഴുവൻ കുടുംബാംഗങ്ങളും സമരം നടത്താനുമാണ് തീരുമാനം.
ബാങ്കിലെ സ്ഥിരനിക്ഷേപത്തിന് ലഭിക്കുന്ന പലിശക്ക് സമാനമായ തുക നൽകാമെന്ന വാഗ്ദാനത്തിൽ സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവരാണ് മുതലും പലിശയും കിട്ടാതെ സമരരംഗത്തിറങ്ങുന്നത്. 25 ലക്ഷം രൂപ വരെ നിക്ഷേപിച്ചവരുണ്ട്. ഇത്തരത്തിൽ കോടിക്കണക്കിന് രൂപയാണ് സൊസൈറ്റി സമാഹരിച്ചത്. മക്കളുടെ വിദ്യാഭ്യാസം, വിവാഹം, സ്ഥലം വിറ്റുകിട്ടിയ തുക, റിട്ടയർമെന്റ് ആനുകൂല്യം തുടങ്ങിയവയാണ് പ്രധാനമായും പലരും നിക്ഷേപിച്ചത്. ഇടതുപക്ഷ പ്രവർത്തകരും പ്രാദേശിക നേതാക്കളുമാണ് പണം നിക്ഷേപിച്ചവരിലേറെയും.
ഫാക്ടറി തുറക്കുക, ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സൊസൈറ്റി തൊഴിലാളികൾ ഫെബ്രുവരി അഞ്ചിന് നടത്താൻ തീരുമാനിച്ച സമരം സി.പി.എം ഇടപെടലിൽ താൽക്കാലികമായി നിർത്തിയിരുന്നു. കേരള ബാങ്കിൽനിന്ന് ചെറിയ ഫണ്ട് കിട്ടാനുള്ള സാധ്യതയുണ്ടെന്നും ഈ തുക ഉപയോഗിച്ച് പ്ലാന്റ് തുറന്നു പ്രവർത്തിക്കാൻ കഴിയുമെന്നുമുള്ള പ്രതീക്ഷയിലാണ് തൊഴിലാളികൾ സമരം നിർത്തിയത്. ഇതിന്റെ ഭാഗമായി കേരള ബാങ്ക് അധികൃതർ ബ്രഹ്മഗിരി ഫാക്ടറി സന്ദർശിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തുടർന്ന് പ്രശ്നപരിഹാരമായില്ലെങ്കിൽ സമരം നടത്താനാണ് തൊഴിലാളികളുടെ തീരുമാനം.
നവകേരള സദസ്സിലും ബ്രഹ്മഗിരി സൊസൈറ്റിയുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിരുന്നു. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി വകുപ്പുമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സൊസൈറ്റിക്ക് നിക്ഷേപമായും വായ്പയായും വന്‍ തുക നല്‍കിയവർക്ക് ആദായ നികുതി വകുപ്പ് നോട്ടീസ് അയച്ചിട്ടുണ്ട്. പണത്തിന്റെ സ്രോതസ്സ് വെളിപ്പെടുത്തുന്നതിനും മറ്റു വിവരം അറിയിക്കുന്നതിനും ഫെബ്രുവരി അഞ്ചുവരെയാണ് കാലാവധി അനുവദിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.