അടൂരിലെ മൂന്ന് നില കെട്ടിട നിർമാണത്തിലെ ക്രമക്കേട് : ഉദ്യോഗസ്ഥർക്കെതിരെ നടപടി

തിരുവനന്തപുരം: അടൂരിലെ മൂന്ന് നില കെട്ടിട നിർമാണത്തിലെ ക്രമക്കേടിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി. അടൂർ മുനിസിപ്പാലിറ്റിയിലെ മുനിസിപ്പൽ എഞ്ചിനീയർ എം.റഫിക്ക്, മൂന്നാം ഗ്രേഡ് ഓവർസിയർ പി.വി സോളി എന്നിവർക്കെതിരെയാണ് നടപടി. ഉദ്യോഗസ്ഥരുടെ ഒരു വാർഷിക വേതന വർധനവ് ഒരു വർഷത്തേക്ക് തടഞ്ഞാണ് തദ്ദേശ വകുപ്പിന്റെ ഉത്തരവ്.

അടൂർ പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള മൂന്ന് നില കെട്ടിടത്തിലും നടത്തിയ വിജിലൻസ് 2019ൽ മിന്നൽ പരിശോധനയിലാണ് ചട്ടലംഘനവും ക്രമക്കേടും കണ്ടെത്തിയത്. കുറ്റാരോപിതരുടെ വിശദീകരണവും ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടും പരിശോധിച്ചാണ് നടപടി സ്വീകരിച്ചത്. ചട്ടലംഘനങ്ങളോടെ നിർമിച്ച കെട്ടിടത്തിന് ഭാഗിക ഒക്കുപ്പൻസി അനുവദിക്കുന്നതിന് ശിപാർശ ചെയ്തതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

മുനിസിപ്പാലിറ്റി കെട്ടിട നിർമ്മാണ ചട്ടങ്ങൾ ലംഘിച്ച് നിർമാണം നടത്തിയ കെട്ടിടത്തിന് ഭാഗിക ഒക്കുപെൻസി സർട്ടിഫിക്കറ്റ് അനുവദിച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. ഈ കെട്ടിടത്തിന്റെ റാമ്പിനും പാസേജുകൾക്കും നിയമാനുസരണമുള്ള വീതിയില്ലെന്നും പരിശോദനയിൽ വ്യക്തമായി.കെട്ടിടത്തിന്റെ വടക്കു വശത്ത് പി.ഡബ്ല്യു.ഡി റോഡിലേക്ക് അതിക്രമിച്ചു കയറി 11.40 മീ. നീളത്തിൽ 50 സെ.മീ. വീതിയിൽ ഇന്റർലോക്ക് ടൈൽസും 80 സെ.മീ വീതിയിൽ കോൺക്രീറ്റും ചെയ്ത് ഒരു മീ. 30 സെ.മീ. വീതിയിൽ നിർമാണം നടത്തി.

കെട്ടിടത്തിന്റെ പടിഞ്ഞാറ് വശത്ത് നിയമാനുസരണം വേണ്ട സെറ്റ്ബാക്കില്ല. 90 സെ.മീ. പൊക്കത്തിൽ പാരപ്പറ്റു നിർമിക്കേണ്ടതിനു പകരം മുകൾ നിലയിൽ ഓപ്പണിംഗ് ഭാഗത്ത് പാരപ്പറ്റുകൾ നിർമിച്ചിട്ടില്ല. ചിലയിടത്ത് നിർമിച്ചിട്ടുള്ള പാരപ്പറ്റുകൾ നിശ്ചിത ഉയരം പാലിച്ചിട്ടില്ലെന്നും വിജിലൻസ് പരിശോധനയിൽ കണ്ടെത്തി. പാർക്കിങ് ഏരിയയായ സെല്ലാർ ഫ്ലോർ ഷട്ടറുകൾ സ്ഥാപിച്ച് താഴിട്ടു പൂട്ടിയും തെക്കു വശത്തായുള്ള പാർക്കിങ് ഏരിയ മതിൽ കെട്ടി തിരിച്ചു. ഗേറ്റ് ഫിറ്റ് ചെയ്ത് താഴിട്ടു പാർക്കിങിനു ഉപയുക്തമല്ലാത്ത രീതിയിൽ ബന്തവസ് ചെയ്തതായി കണ്ടെത്തി.

ഭാഗിക ഒക്കുപ്പൻസ് സർട്ടിഫിക്കറ്റിനു വേണ്ടി സമർപ്പിച്ച അപേക്ഷയോടൊപ്പം ഉണ്ടായിരുന്ന കംപ്ലീഷൻ പ്ലാനിൽ ഈ കെട്ടിടത്തിന്റെ സെപ്റ്റിക് ടാങ്ക് സെല്ലാർ ഫ്ലോറിന്റെ ഉള്ളിൽ തെക്കു ഭാഗം മാറിയാണ് കാണിച്ചിരുന്നത്. എന്നാൽ, പെർമിറ്റിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ചിരുന്ന പ്ലാനിൽ കുണറിന്റെ ഭാഗം സെല്ലാർ ഫ്ലോറിന്റെ തെക്കുഭാഗത്താണ് കാണിച്ചു. എന്നാൽ, കുണറിന്റെ ഭാഗം എവിടെയാണെന്ന് കംപ്ലീഷൻ പ്ലാനിൽ കാണിച്ചില്ല. കിണർ സ്ഥിതി ചെയ്യുന്നതിന്റെ 7.5 മീറ്റർ ചുറ്റളവിൽ സെപ്റ്റിക് ടാങ്ക് അനുവദനീയമല്ല ചട്ടവും പാലിച്ചില്ലെന്ന കണ്ടെത്തി.

സ്ഥല പരിശോധന തീയതിയും സമയവും മുൻകൂട്ടി ബന്ധപ്പെട്ട അസിസ്റ്റന്റ് എഞ്ചിനീയർ റഫീക്കിനെ അറിയിച്ചിട്ടും പരിശോധന വേളയിൽ സെല്ലാർ ഫ്ലോർ തുറന്നു പരിശോധിക്കുന്നതിനുള്ള യാതൊരു ക്രമീകരണവും ഇദ്ദേഹം ചെയിതില്ല. കിണറും സെപ്റ്റിക് ടാങ്കും തമ്മിലുള്ള അകലം പരിശോധിച്ച് ബോധ്യപ്പെടാൻ സാധിച്ചിട്ടില്ല. ഈ വസ്തുതകൾ കണക്കിലെടുത്ത് കുറ്റാരോപിതരുടെ പേരിൽ ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് ചീഫ് എഞ്ചിനീയർ റിപ്പോർട്ട് നൽകി.  അതിന്റെ അടിസ്ഥാനലാണ് നടപടി. 

Tags:    
News Summary - Irregularity of three storied building in Atur: Action against officials

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.