കൊച്ചി: വയനാട് ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി (ലെവൽ 3) പ്രഖ്യാപിക്കാനാവുമോ എന്നത് സംബന്ധിച്ച തീരുമാനം രണ്ടാഴ്ചക്കകമുണ്ടാകുമെന്ന് കേന്ദ്ര സർക്കാർ ഹൈകോടതിയിൽ. ഉന്നതതല യോഗം രണ്ടാഴ്ചക്കകം ചേരുന്നുണ്ടെന്നും അതിൽ തീരുമാനം പ്രതീക്ഷിക്കുന്നതായും കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീ. സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് ഹൈകോടതി സ്വമേധയാ സ്വീകരിച്ച ഹരജികൾ പരിഗണിക്കവേയാണ് ഇക്കാര്യം അറിയിച്ചത്.
തുടർ ഉത്തരവുകൾക്കായി സമിതി തീരുമാനം കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഹരജി വീണ്ടും നവംബർ 15ന് പരിഗണിക്കാനായി മാറ്റി. മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെ അതിതീവ്രദുരന്തമായി പരിഗണിക്കണമെന്ന് അമിക്കസ്ക്യൂറി നൽകിയ റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനത്തിന് കൂടുതൽ ദുരിതാശ്വാസ സഹായങ്ങളും ആഗോളതലത്തിൽ സഹായങ്ങൾ ലഭിക്കാനും ഇത് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ദുരന്തത്തിൽ നഷ്ടമായ മനുഷ്യ ജീവനുകൾ, കന്നുകാലികൾ, വിളകൾ, സ്വത്ത്, തകർന്ന പാലങ്ങൾ, റോഡുകൾ, കെട്ടിടങ്ങൾ എന്നിവയുടെ നാശനഷ്ടം കണക്കാക്കുമ്പോൾ അതിതീവ്രഗണത്തിൽ ഉൾപ്പെടുത്താമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഈ റിപ്പോർട്ടുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിന്റെ നിലപാട് കോടതി തേടിയിരുന്നു. വയനാട് ദുരന്തബാധിതർക്കുള്ള നഷ്ടപരിഹാര വിതരണം ബാങ്കുകളിലൂടെയോ ട്രഷറി മുഖേനയോ ആക്കാനുള്ള സാധ്യത തേടണമെന്നും ഹരജി പരിഗണിക്കവേ കോടതി വാക്കാൽ നിർദേശിച്ചു.
നഷ്ടപരിഹാര വിതരണം വൈകുന്നതുസംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലായിരുന്നു ഈ നിർദേശം. ദുരിതബാധിത കുടുംബങ്ങൾക്ക് ദിവസം 300 രൂപ വീതം നൽകുന്ന ഉപജീവന സഹായം നവംബർ 30 വരെ നീട്ടിയതായി സർക്കാർ ഹൈകോടതിയെ അറിയിച്ചു. നേരേത്ത നിശ്ചയിച്ച കാലാവധി ഇന്ന് തീരാനിരിക്കുകയായിരുന്നു. ദുരന്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ അറിയിക്കണമെന്ന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര പരിസ്ഥിതി സെക്രട്ടറി, നാഷനൽ ഹൈവേ അതോറിറ്റി എന്നിവർക്ക് കോടതി നിർദേശം നൽകി.
പരിസ്ഥിതി ദുരന്തങ്ങൾ നേരിടാൻ റിസ്ക് ഇൻഷുറൻസ് പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് രാജ്യം മുഴുവൻ ചർച്ച നടക്കുമ്പോൾ കേന്ദ്ര സർക്കാറും സ്വകാര്യ ഇൻഷുറൻസ് കമ്പനികളുമടക്കമുള്ളവരുമായി ചേർന്ന് ഇൻഷുറൻസ് പദ്ധതി തയാറാക്കാൻ കേരളത്തിന് സമയമായില്ലേയെന്ന് കോടതി ആരാഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് 2021ൽ രൂപവത്കരിച്ച ഉന്നതതല സമിതിയുടെ അന്തിമ റിപ്പോർട്ട് കാത്തിരിക്കുന്നതായി സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.