കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന ഐ.എസ്.എൽ ഫുട്ബാൾ മത്സരത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു.പശ്ചിമകൊച്ചി, വൈപ്പിൻ, ഹൈകോർട്ട് ഭാഗങ്ങളിൽനിന്ന് കളി കാണാനായി വരുന്നവരുടെ വാഹനങ്ങൾ മണപ്പാട്ടിപ്പറമ്പിൽ പാർക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിൽ എത്തണം. പറവൂർ, തൃശൂർ, മലപ്പുറം ഭാഗങ്ങളിൽനിന്ന് വരുന്നവരുടെ വാഹനങ്ങൾ ആലുവ ഭാഗത്തും കണ്ടെയ്നർ റോഡിലും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ പാർക്ക് ചെയ്ത് മെട്രോ അടക്കം പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് സ്റ്റേഡിയത്തിൽ എത്തണം.
ഇടുക്കി, കോട്ടയം, പെരുമ്പാവൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽനിന്ന് വരുന്ന വാഹനങ്ങൾ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിൽ പാർക്ക് ചെയ്ത് മെട്രോ അടക്കം പൊതുഗതാഗത സംവിധാനം ഉപയോഗിച്ച് സ്റ്റേഡിയത്തിൽ എത്തണം.ആലപ്പുഴ അടക്കമുള്ള തെക്കൻ മേഖലകളിൽനിന്ന് വരുന്നവരുടെ വാഹനങ്ങൾ കുണ്ടന്നൂർ വൈറ്റില ഭാഗങ്ങളിൽ പാർക്കുചെയ്ത് പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തണം.
കാണികളുമായി എത്തുന്ന വലിയ വാഹനങ്ങൾക്ക് സിറ്റിക്കകത്തേക്ക് പ്രവേശനമില്ല. വൈകീട്ട് അഞ്ചിന് എറണാകുളം ഭാഗത്തുനിന്ന് ഇടപ്പള്ളി, ചേരാനല്ലൂർ, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ കലൂർ ജങ്ഷനിൽനിന്ന് ഇടത്തോട്ടുതിരിഞ്ഞ് പൊറ്റക്കുഴി മാമംഗലം റോഡ്, ബി.ടി.എസ് റോഡ്, എളമക്കര റോഡ് എന്നിവിടങ്ങളിലൂടെ ഇടപ്പള്ളിയിലെത്തി യാത്ര തുടരണം. ചേരാനല്ലൂർ, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൈറ്റില ജങ്ഷൻ, എസ്.എ റോഡ് വഴി യാത്ര തുടരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.