കോഴിക്കോട്: ആധുനിക ലോകത്തെ ഏറ്റവും വലിയ അധിനിവേശ രാഷ്ട്രമാണ് ഇസ്രയേലെന്നും വംശവെറിയാലും മനുഷ്യ രക്തത്താലും രൂപീകൃതമായ വംശീയ രാഷ്ട്രത്തെ പിന്തുണക്കുന്ന നിലപാട് ഇന്ത്യ തിരുത്തണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് റസാഖ് പാലേരി. 'സ്വതന്ത്ര ഫലസ്തീനാണ് നീതി' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി കോഴിക്കോട് സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സയണിസ്റ്റുകൾ നിർമിച്ചെടുത്ത ഇസ്രയേലിനെ വംശീയ ഇന്ത്യ പിന്തുണക്കുന്നതിൽ അത്ഭുതമില്ല. പക്ഷെ, ജനാധിപത്യ ഇന്ത്യയുടെ പാരമ്പര്യത്തെ അവഹേളിക്കലാണത്. മുസ്‍ലിം വംശഹത്യയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന രണ്ട് രാഷ്ട്രങ്ങളാണ് ഇസ്രയേലും ഇന്ത്യയുമെന്നാണ് ജെനോസൈഡ് വാച്ച് റിപ്പോർട്ട് ചെയ്യുന്നത്. മനുഷ്യ ജീവൻ നിഷ്ഠൂരമായി കവർന്നെടുത്ത് രാജ്യം വികസിപ്പിക്കുന്ന വംശീയ ചേരിയോട് ചേർന്ന് നിൽക്കുന്ന മോദിയുടെ ഇന്ത്യക്കൊപ്പമല്ല, പൊരുതുന്ന ഫലസ്തീനികൾക്ക് ഒപ്പം അണിനിരന്ന ജനാധിപത്യ പാരമ്പര്യമുള്ള ഇന്ത്യക്കൊപ്പമാണ് ജനങ്ങൾ അണിനിരക്കേണ്ടത്.
ഹമാസിനെയും ഇസ്രയേലിനെയും സമീകരിക്കുന്ന നിലപാടുകൾ ആപത്കരവും അനീതിയുമാണ്. നീതിക്ക് വേണ്ടി പോരാടുന്നവരോട് ഐക്യപ്പെടാൻ അയിത്തം പാലിക്കുന്നതിന് പിറകിലുള്ള ഭയപ്പാട് എന്തെന്ന് കേരളീയ സമൂഹം വ്യക്തമാക്കണം. ഹമാസിന്റെ പോരാട്ടത്തെ മറയാക്കി നടത്തുന്ന ഭീകരവാദ പ്രചാരണങ്ങൾ വംശീയതയെ താലോലിക്കാനേ ഉപകരിക്കൂ. കുഞ്ഞുങ്ങളെയടക്കം കൊന്നുതള്ളുന്ന ഇസ്രായേലിന്റെ അധിനിവേശ - വംശീയ ഭീകരതക്കെതിരെ ലോകത്തെ വിവിധ തെരുവുകളിൽ നടക്കുന്ന പ്രതിഷേധങ്ങളെ അഭിവാദ്യം ചെയ്യുന്നു. സ്വതന്ത്ര ഫലസ്തീൻ പുലരും വരെ പോരാട്ടങ്ങൾക്ക് അവസാനമില്ലെന്നും ആ പോരാട്ടത്തിനൊപ്പമായിരിക്കും ഇന്ത്യൻ ജനതയെന്നും അദ്ദേഹം പറഞ്ഞു.
ഫലസ്തീൻ പോരാട്ടത്തിന് വെൽഫെയർ പാർട്ടിയുടെ ഉപാധികളൊന്നുമില്ലാത്ത ഐക്യദാർഢ്യവും അദ്ദേഹം പ്രഖ്യാപിച്ചു.
വെൽഫെയർ പാർട്ടി സംസ്ഥാന ജന. സെക്രട്ടറി ജബീന ഇർഷാദ് അധ്യക്ഷത വഹിച്ചു. ഡോ. പി.കെ. പോക്കർ, എ. വാസു, അംബിക മറുവാക്ക്, ഡോ. ആർ. യൂസുഫ്, ജ്യോതിവാസ് പറവൂർ, ടി.കെ. മാധവൻ, ചന്ദ്രിക കൊയിലാണ്ടി, അസ്‍ലം ചെറുവാടി, നഈം ഗഫൂർ, ശംസീർ ഇബ്രാഹിം എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി അൻസാർ അബൂബക്കർ സ്വാഗതവും ജില്ലാ സെക്രട്ടറി കെ.സി. അൻവർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.