കൊച്ചി: കോട്ടയത്ത് ബസ് ഉടമ-തൊഴിലാളി തർക്കത്തിൽ സി.ഐ.ടി.യു നേതാവ് ബസ് ഉടമയെ തല്ലിയ സംഭവത്തിൽ പൊലീസിന് ഹൈകോടതിയുടെ രൂക്ഷ വിമർശനം. അടിയേറ്റത് ബസ് ഉടമ രാജ്മോഹനല്ലെന്നും ഹൈകോടതിയുടെ മുഖത്താണെന്നും ജസ്റ്റിസ് എൻ. നഗരേഷ് ചൂണ്ടിക്കാട്ടി.
പൊലീസിന്‍റെ സാന്നിധ്യത്തിലായിരുന്നു അക്രമം. പൗരന്മാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പൊലീസിനുണ്ട്. അക്രമം സംബന്ധിച്ച് എന്തെങ്കിലും അന്വേഷണം നടന്നോ എന്നും ഹൈകോടതി ചോദിച്ചു.
മൂന്ന് പൊലീസുകാർ ഉണ്ടായിട്ടും അക്രമം നടന്നത് എങ്ങനെയാണ്. തല്ലിക്കോ എന്ന സമീപനമാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നുണ്ടായത്. പൊലീസിന്‍റെ സാന്നിധ്യത്തിൽ നാടകമാണ് നടന്നതെന്നും ഹൈകോടതി കുറ്റപ്പെടുത്തി. കോട്ടയം ജില്ല പൊലീസ് മേധാവിയുടെ സാന്നിധ്യത്തിലായിരുന്നു ഹൈകോടതിയുടെ വിമർശനം.
കോട്ടയം തിരുവാർപ്പിലാണ് സി.ഐ.ടി.യുവും സ്വകാര്യ ബസുടമയും തമ്മിൽ തര്‍ക്കമുണ്ടായത്. ശമ്പള പ്രശ്‌നത്തിൽ സി.ഐ.ടി.യു കൊടിക്കുത്തി ബസ് സര്‍വീസ് നടത്തുന്നത് തടഞ്ഞിരുന്നു. ഇതിനെതിരെ ബസുടമയായ രാജ്മോഹൻ ഹൈകോടതിയെ സമീപിക്കുകയും ബസ് സർവീസ് നടത്തുന്നതിന് അനുകൂലമായി വിധി നേടുകയും ചെയ്തു.
തുടർന്ന് ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ബസ് ഓടിക്കുന്നതിനായി കൊടിതോരണങ്ങള്‍ നീക്കാന്‍ ശ്രമിച്ച രാജ്‌മോഹനെ പൊലീസിന്‍റെ സാന്നിധ്യത്തിൽ സി.ഐ.ടി.യു നേതാവ് മര്‍ദിച്ചിരുന്നു. പിന്നീട് കോട്ടയം ജില്ലാ ലേബർ ഓഫിസറുടെ മേൽനോട്ടത്തിൽ നടന്ന ചർച്ചയിൽ നാല് ബസുകളിൽ തൊഴിലാളികള്‍ റൊട്ടേഷന്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാൻ ധാരണയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.