Joseph Mor Gregorios

യാക്കോബായ സഭയുടെ പുതിയ കാതോലിക്കാ ബാവയായി സ്ഥാനമേറ്റ ജോസഫ് മാർ ഗ്രിഗോറിയോസിന്റെ സ്ഥാനാരോഹണ ചടങ്ങിൽ നിന്ന്. ബസേലിയോസ് ജോസഫ് എന്ന പേരിലാണ് സ്ഥാനമേറ്റത്. ബൈറൂത്തിലെ അച്ചാനെയിലായിരുന്നു ചടങ്ങുകൾ.

യാക്കോബായ സഭക്ക് ധന്യനിമിഷം; കാതോലിക്ക ബസേലിയസ് ജോസഫ് അഭിഷിക്തനായി

കൊച്ചി: ആയിരക്കണക്കിന് വിശ്വാസികളുടെ പ്രാർഥനാ മുഖരിതമായ അന്തരീക്ഷത്തിൽ യാക്കോബായ സഭയിൽ പുതിയ കാതോലിക്കയുടെ സ്ഥാനാരോഹണം. സഭയുടെ കാതോലിക്കയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മോർ ഗ്രിഗോറിയോസിനെ സഭയുടെ പരമാധ്യക്ഷൻ മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ വാഴിച്ചു.

അന്ത്യോഖ്യ സഭാ പാരമ്പര്യത്തിന്‍റെ പിന്തുടർച്ചയിൽ യാക്കോബായസഭയുടെ ഉന്നതസ്ഥാനത്തേക്ക് ഉയർത്തപ്പെട്ട അദ്ദേഹം ഇനി ‘കാതോലിക്ക മോർ ബസേലിയസ് ജോസഫ്’ എന്ന നാമധേയത്തിൽ അറിയപ്പെടും. ലബനാൻ തലസ്ഥാനമായ ബൈറൂത്തിൽനിന്ന് 20 കിലോമീറ്റർ അകലെ അച്ചാനെയിലെ പാത്രിയാർക്കാ അരമനയോട് ചേർന്ന സെന്‍റ് മേരീസ് സിറിയൻ ഓർത്തഡോക്സ് പാത്രിയാർക്കാ കത്തീഡ്രലിലാണ് ചടങ്ങുകൾ നടന്നത്. ലബനാൻ സമയം വൈകീട്ട് അഞ്ചിന് ആരംഭിച്ച (ഇന്ത്യൻ സമയം രാത്രി 8.30) സ്ഥാനാരോഹണ ശുശ്രൂഷകൾക്ക് മോർ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയൻ പാത്രിയാർക്കീസ് ബാവ മുഖ്യ കാർമികത്വം വഹിച്ചു. സഭയിലെ മെത്രാപ്പോലീത്തമാരും പുരോഹിതന്മാരും പള്ളി പ്രതിനിധികളും സന്നിഹിതരായിരുന്ന ശുശ്രൂഷകൾ രണ്ട് മണിക്കൂർ നീണ്ടു.

സന്ധ്യാ പ്രാർഥനയോടെയാണ് സ്ഥാനാഭിഷേക ശുശ്രൂഷ ആരംഭിച്ചത്. പാത്രിയാർക്കീസിനോടും സിംഹാസനത്തോടും ഭക്തിയും ബഹുമാനവും വിധേയത്വവും പ്രഖ്യാപിച്ചുകൊണ്ട് നൽകിയ ‘ശൽമോസ’ (ഉടമ്പടി) സ്വീകരിച്ച പാത്രിയാർക്കീസ് തിരികെ ‘സുസ്ഥാത്തിക്കോൻ’ (അധികാരപത്രം) നൽകി. മദ്ബഹയിൽ ഭക്തജനങ്ങൾക്ക് അഭിമുഖമായി പീഠത്തിലിരുത്തിയ കാതോലിക്കയെ മെത്രാപ്പോലീത്തമാർ ചേർന്ന് ഉയർത്തിയപ്പോൾ ‘കാതോലിക്ക ബസേലിയസ് ജോസഫ് പ്രഥമൻ യോഗ്യനും വാഴ്ത്തപ്പെട്ടവനുമാകുന്നു’ എന്ന് മുഖ്യ കാർമികൻ പ്രഖ്യാപിച്ചു. തുടർന്ന് ‘അവൻ യോഗ്യൻ തന്നെ’ എന്ന് അർഥമുള്ള ‘ഓക്‌സിയോസ്’ പാത്രിയാർക്കീസ് ബാവ മുഴക്കിയപ്പോൾ മെത്രാപ്പോലീത്തമാരും വൈദികരും ഭക്ത്യാദരങ്ങളോടെ മൂന്നുതവണ അത് ഏറ്റുചൊല്ലി.

സ്ഥാനചിഹ്നങ്ങളായ മൂന്ന് മാലകളും അംശവടിയും മുഖ്യകാർമികൻ ശ്രേഷ്ഠ കാതോലിക്കക്ക് കൈമാറിയതോടെ സ്ഥാനാരോഹണ ചടങ്ങുകൾ പൂർത്തിയായി. സ്ഥാനാരോഹണഭാഗമായി പുത്തൻകുരിശിലെ സഭാ ആസ്ഥാനത്തും വിവിധ ഇടവകകളിലും പ്രത്യേക പരിപാടികൾ നടന്നു.

Tags:    
News Summary - Jacobite Syrian Church: Ordination of Mor Gregorios Joseph as Catholicos

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.