മലപ്പുറം: കോടനാട് എസ്റ്റേറ്റ് കൊലക്കേസിലെ പ്രതികള്‍ വലയിലായത് അരീക്കോട് കുനിയില്‍ സ്വദേശി വാടകക്ക് കൊടുത്ത ഇന്നോവ കാര്‍ മോഷണം പോയ കേസിെൻറ അന്വേഷണത്തിൽ. കാര്‍ വാടകക്കെടുത്തത് അറസ്റ്റിലായ വാലില്ലാപ്പുഴ സ്വദേശി ജിതിന് ജോയിയാണ്. അട്ടപ്പാടി പോളിടെക്നിക്കിലെ റാഗിങ് കേസുമായി ബന്ധപ്പെട്ട് പഠനം ഉപേക്ഷിച്ചയാളാണ് ജിതിൻ. കാർ തിരിച്ചുനൽകാത്തതിന് ജിതിനെ മലപ്പുറം പൊലീസ് ചോദ്യം ചെയ്തപ്പോള്‍ മറ്റൊരാളുടെ പക്കലാണെന്ന് അറിഞ്ഞു. ഇയാളെക്കുറിച്ചന്വേഷിച്ചപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. മോഷണം നടത്താനാണ് കാര്‍ വാടകക്കെടുത്തതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു.
മൂന്ന് കാറുകളിലാണ് സംഘം സഞ്ചരിച്ചത്. രണ്ട് കാറുകളില്‍ മലയാളികളും ഒന്നില്‍ തമിഴ്നാട്ടുകാരുമായിരുന്നു. ഡ്രൈവറായി പോയ ജിതിന് എസ്റ്റേറ്റിൽ മോഷണം നടക്കുമ്പോള്‍ വാഹനത്തിലായിരുന്നു. കവർച്ച വിവരങ്ങൾ ഇയാള്‍ അറിഞ്ഞില്ല. മടക്കയാത്രയിൽ ഒരു കാര്‍ കോയമ്പത്തൂരിലേക്കും രണ്ടെണ്ണം കേരളത്തിലേക്കും പുറപ്പെട്ടു. രാത്രി പരിശോധനക്കിറങ്ങിയ ഗുഡല്ലൂര്‍ പൊലീസ് ജിതിന് ഓടിച്ച കാർ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ജിതിന് നല്കിയ വിവരപ്രകാരം ഗുഡല്ലൂർ പൊലീസ് മലപ്പുറം പൊലീസുമായി ബന്ധപ്പെട്ടു.
മോഷണമുതലായ ദിനോസര്‍ പ്രതിമയും പതിനായിരം രൂപയും ഗുഡല്ലൂർ പൊലീസിന് കൈക്കൂലി നല്കിയാണത്രെ പ്രതികൾ രക്ഷപ്പെട്ടത്. വാടകക്കെടുത്ത കാർ തന്നെയാണ് ജിതിൻ ഓടിച്ചതെന്ന് ഇതിനിടെ ഗുഡല്ലൂരിൽ നിന്ന് ലഭിച്ച വിവരപ്രകാരം മലപ്പുറം പൊലീസ് തിരിച്ചറിഞ്ഞു. തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് പൊലീസുമായി നിരന്തരം ബന്ധപ്പെട്ടാണ് മലപ്പുറം എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ജിതിനെയും മറ്റ് പ്രതികളെയും പിടികൂടിയത്. തമിഴ്നാട്ടുകാരായ പ്രതികളിലൊരാള്‍ കോടനാട് എസ്റ്റേറ്റിലെ മുൻ കാവല്‍ക്കാരനാണ്. കേസിലുള്‍പ്പെട്ട രണ്ട് മലയാളികൾ വള്ളുവമ്പ്രം കുഴൽപണ ഇടപാടില്‍ പിടിയിലായവരാണെന്ന് തിരിച്ചറിഞ്ഞതും കൂടുതൽ അന്വേഷണത്തിന് പൊലീസിനെ പ്രേരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.