തിരുവനന്തപുരം: ജിഷ്ണുവിന്‍റെ കുടുംബം അഞ്ച് ദിവസമായി നടത്തുന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ജിഷ്ണു കേസിലെ പബ്ളിക് പ്രോസിക്യൂട്ടർ സി.പി ഉദയഭാനുവിന്‍റെ നേതൃത്വത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചക്കൊടുവിലാണ് മാതാവ് മഹിജയും സഹോദരി അവിഷ്ണയും നിരഹാര സമരം അവസാനിപ്പിച്ചത്. ഉദയഭാനുവിന്‍റെയും സ്റ്റേറ്റ് അറ്റോര്‍ണി കെ.വി സോഹന്‍റെയും നേതൃത്വത്തിൽ സർക്കാർ പ്രതിനിധികൾ ജിഷ്ണുവിന്‍റെ അമ്മ മഹിജയുമായും മറ്റ് കുടുംബാംഗങ്ങളുമായും ചർച്ച നടത്തുകയായിരുന്നു. കേസിൽ എല്ലാ പ്രതികളെയും ഉടൻ അറസ്റ്റു ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ കുടുംബം തയാറായത്.
പൊലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മഹിജക്കെതിരായ പൊലീസ് അതിക്രമത്തിൽ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി മഹിജയെ അറിയിച്ചു. ജിഷ്ണു കേസിൽ മുഖ്യപ്രതി പൊലീസ് അറസ്റ്റിലായതിനെ തുടർന്നാണ് സമരം ഒത്തുതീർപ്പിലേക്ക് നീങ്ങിയത്. അഞ്ച് മണിക്കൂറോളം നീണ്ട മാരത്തൺ ചർച്ചക്കുശേഷം പത്ത് വ്യവസ്ഥകൾ അടങ്ങിയ കരാർ സർക്കാർ പ്രതിനിധികളുമായി കുടുംബം ഒപ്പുവെച്ചു. ജിഷ്ണു കേസിലെ സ്പെഷൽ പ്രോസിക്യൂട്ടർ സി.പി. ഉദയഭാനു, സ്റ്റേറ്റ് അറ്റോണി എ.വി. സോഹൻ, മെഡിക്കൽ കോളജ് സൂപ്രണ്ട് എം.എസ്. ഷർമദ്, മഹിജക്കുവേണ്ടി ബന്ധു ശോഭ, സഹോദരൻ ശ്രീജിത്ത്, സർക്കാറിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി. ജയരാജൻ, പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ എന്നിവർ ചർച്ചയിൽ പെങ്കടുത്തു. വൈകീട്ട് 4.40ന് ആരംഭിച്ച ചർച്ച 9.25ഓടെയാണ് അവസാനിച്ചത്.
ജിഷ്ണു കേസിൽ മൂന്നാം പ്രതിയായ നെഹ്റു കോളജ് വൈസ് പ്രിൻസിപ്പൽ ശക്തിവേൽ പിടിയിലായിരുന്നു. കോയമ്പത്തൂരിലെ സുഹൃത്തിന്‍റെ ഫാം ഹൗസിൽ നിന്നാണ് ശക്തിവേൽ അറസ്റ്റിലായത്. കേസിലെ മറ്റു രണ്ടു പ്രതികളായ പ്രവീണ്‍, വിപിന്‍ എന്നിവരും പൊലീസ് വലയിലായതായി സൂചനയുണ്ട്.
സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ജിഷ്ണുവിന്‍റെ അമ്മാവൻ ശ്രീജിത്തുമായി സംസാരിച്ചിരുന്നു. ജിഷ്ണുവിന് നീതികിട്ടുമെന്നാണ് പ്രതീക്ഷയെന്നും തിരുവനന്തപുരത്ത് നടക്കുന്ന ചർച്ചയുടെ തീരുമാനമനുസരിച്ച് നിരാഹാര സമരം അവസാനിപ്പിക്കുമെന്നും ജിഷ്ണുവിന്‍റെ സഹോദരി അവിഷ്ണ പറഞ്ഞു.
സി.പി.ഐ നേതൃത്വത്തിന്‍റെ ശ്രമഫലമായാണ് സമരം ഒത്തുതീർപ്പിലെത്തുന്നത്. സമരം ഉടൻ ഉടന്‍ ഒത്തുതീരുമെന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി മഹിജയെ സന്ദര്‍ശിച്ച ശേഷം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് കാനം പറഞ്ഞു. കോടിയേരിയുമായി സംസാരിച്ച ശേഷമാണ് കാനം മഹിജയെ സന്ദര്‍ശിച്ചത്. എം.വി ജയരാജനുമായും കാനം ടെലിഫോണിൽ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.