ജിഷ്ണുവിന്‍െറ പിറന്നാള്‍ ദിനത്തില്‍ സഹപാഠികള്‍  സമരപ്പന്തല്‍ ഉയര്‍ത്തി

തിരുവില്വാമല: 37 ദിവസം മുമ്പ് വിട്ടുപോയ സഹപാഠിയെക്കുറിച്ചുള്ള ഓര്‍മകളുടെ നീറ്റലിനിടെ കടന്നുവന്ന അവന്‍െറ 18ാം പിറന്നാള്‍ ദിനത്തില്‍ കൂട്ടുകാര്‍ കോളജിന് മുന്നില്‍  സമരപ്പന്തല്‍ ഉയര്‍ത്തി. നെഹ്റു കോളജ് സ്റ്റുഡന്‍റ്സ് അസോസിയേഷന്‍െറ പേരില്‍, പ്രത്യേകിച്ച് ഒരു വിദ്യാര്‍ഥി സംഘടനയുടെയും വിലാസത്തിലല്ലാതെ പാമ്പാടിയിലെ കോളജിന് മുന്നില്‍ ശനിയാഴ്ച അനിശ്ചിതകാല സമരത്തിനാണ്  തുടക്കംകുറിച്ചത്.‘ജിഷ്ണുവിന്‍െറ ഘാതകരെ അറസ്റ്റ് ചെയ്യുക, സസ്പെന്‍ഷനില്‍ കഴിയുന്ന അധ്യാപകനെയും വൈസ് പ്രിന്‍സിപ്പലിനെയും പി.ആര്‍.ഒയെയും പുറത്താക്കുക, ആവശ്യങ്ങള്‍ അംഗീകരിച്ച് കോളജ് ഉടന്‍ തുറക്കുക’ തുടങ്ങിയവ ഉന്നയിച്ച ബാനറിന് കീഴില്‍ ജിഷ്ണു പ്രണോയിയുടെ ചിത്രം വെച്ച് മാലയിട്ട് വിളക്കുകൊളുത്തിയാണ് സമരത്തിന് തുടക്കം കുറിച്ചത്. കോളജ് അടഞ്ഞുകിടന്നിട്ടും ജിഷ്ണുവിന്‍െറ കുറെയേറെ കൂട്ടുകാര്‍ പന്തലില്‍ ഒത്തുകൂടി. ജിഷ്ണുവിന്‍െറ കുടുംബത്തിന് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ചു.

ഓള്‍ ഇന്ത്യ സേഫ് എജുക്കേഷന്‍ സംസ്ഥാന കണ്‍വീനര്‍ പി.കെ. പ്രഭാഷ്  ഉദ്ഘാടനം ചെയ്തു. നെഹ്റു അലുമ്നി അസോസിയേഷന്‍ കണ്‍വീനര്‍ പി.വി. അശ്വിന്‍ അധ്യക്ഷത വഹിച്ചു. ഡോ. പി.എസ്. ബാബു, മറ്റക്കര ടോംസ് കോളജ് അസോസിയേഷന്‍ പ്രതിനിധി റമീസ് ഷഹസാദ്, ടി.പി. സുനില്‍, ജെറിന്‍, സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ പ്രതിനിധി അശ്വിന്‍ എന്നിവര്‍ സംസാരിച്ചു.

Tags:    
News Summary - jishnu prannoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.