പറവൂർ (എറണാകുളം): ഒന്നര വർഷം ശ്രമിച്ചിട്ടും നാല് സെന്‍റ് ഭൂമി തരംമാറ്റി കിട്ടാത്തതിൽ മനംനൊന്ത് തൂങ്ങിമരിച്ച സജീവന്‍റെ കുടുംബത്തിന് മരിച്ച് നാലാംനാൾ ഭൂമി തരംമാറ്റി കിട്ടി. റവന്യൂ മന്ത്രിയുടെ ഇടപെടലിൽ ചുവപ്പ് നാടയുടെ കെട്ടഴിയുകയായിരുന്നു. മരിച്ച സജീവനും കുടുംബവും ആഗ്രഹിച്ച ഭൂമിയുടെ തരംമാറ്റൽ രേഖ ജില്ല കലക്ടർ ജാഫർ മാലിക്, സജീവന്‍റെ വീട്ടിലെത്തി കൈമാറി.
ഭൂമി തരംമാറ്റൽ നടക്കാത്തതിൽ മനംനൊന്ത് കഴിഞ്ഞ വ്യാഴാഴ്ചയാണ് സജീവൻ തൂങ്ങി മരിച്ചത്. ഇതോടെ ഭൂമി തരം മാറ്റിക്കൊണ്ടുള്ള രേഖ വീട്ടിൽ എത്തിക്കുമെന്ന് റവന്യൂ മന്ത്രി വാക്ക് നൽകുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ജില്ല കലക്ടർ എത്തി രേഖ കൈമാറിയത്.
പറവൂർ താലൂക്ക് മൂത്തകുന്നം വില്ലേജിൽപ്പെട്ട സജീവന്‍റെ 1.62 ആർ സ്ഥലമാണ് തരംമാറ്റി നൽകിയതായി ഫോർട്ട് കൊച്ചി ആർ.ഡി.ഒ പി. വിഷ്ണുരാജ് തിങ്കളാഴ്ച ഉത്തരവിറക്കിയത്. അപേക്ഷകനായ സജീവന്‍റെ വസ്തുവിലോ സമീപ പ്രദേശങ്ങളിലോ പതിറ്റാണ്ടുകളായി നെൽകൃഷി ഇല്ലെന്ന പറവൂർ വില്ലേജ് ഓഫിസറുടെ റിപ്പോർട്ടും വസ്തു ഡാറ്റ ബാങ്കിൽ ഉൾപ്പെടാത്തതും നടപടികൾ സുഗമമാക്കി. റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.