കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍, റിട്ട. ജസ്റ്റിസ് കെമാൽപാഷ

ചേകന്നൂർ കേസിൽ പ്രതി ചേർക്കാൻ ജസ്റ്റിസ് കെമാൽപാഷ അനാവശ്യ ധിറുതി കാണിച്ചെന്ന് കാന്തപുരം; മറുപടിയുമായി കെമാൽപാഷ

കോഴിക്കോട്: ചേകന്നൂർ മൗലവിയുടെ തിരോധാനത്തിന്‍റെ പേരിൽ തന്നെയും തന്‍റെ പ്രസ്ഥാനത്തെയും തകർക്കാൻ ഗൂഢനീക്കം നടന്നുവെന്ന് സമസ്ത കേരള ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‍ലിയാര്‍. ഗൂഢാലോചന കേസിൽ പ്രതി ചേർക്കുന്നതിൽ സി.ബി.ഐ കോടതി ജഡ്ജ് കെമാൽപാഷ അനാവശ്യ ധിറുതിയാണ് അന്ന് കാണിച്ചതെന്നും കാന്തപുരം പറയുന്നു. 'വിശ്വാസപൂർവം' എന്ന ആത്മകഥയിലാണ് കാന്തപുരം വിവാദ കേസിനെ കുറിച്ച് പ്രതിപാദിക്കുന്നത്.

തിരോധാന കേസിലൂടെ തന്നെ തകർക്കാൻ തൽപരകക്ഷികൾ പങ്കുചേർന്നു. പല മുജാഹിദ് നേതാക്കൾ ചേകന്നൂരിനൊപ്പം ചേരാനിരിക്കുമ്പോഴാണ് തിരോധനം നടന്നത്. ഗൂഢാലോചന കേസിൽ പ്രതി ചേർക്കുവാൻ കെമാൽപാഷ നിയമപരമല്ലാത്ത നടപടി സ്വീകരിച്ചു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഒരാളെ പ്രതി ചേർക്കുന്നത് എങ്ങനെയെന്ന് ഹൈകോടതി പരാമർശത്തിന് പിന്നാലെ കെമാൽപാഷ പ്രത്യേക കോടതി ജഡ്ജി പദവി ഒഴിഞ്ഞെന്നും ആത്മകഥയിൽ പറയുന്നു.

കാന്തപുരത്തെ പ്രതി ചേർത്തത് സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലെന്ന് കെമാൽപാഷ

ആത്മകഥയിലെ പരാമർശനത്തിന് മറുപടിയുമായി റിട്ട. ജസ്റ്റിസ് കെമാൽപാഷ രംഗത്തെത്തി. കാന്തപുരത്തിനെതിരെ ഗൂഢാലോചന നടത്തിയിട്ട് തനിക്ക് എന്തുകിട്ടാനാണെന്ന് കെമാൽപാഷ ചോദിച്ചു. ആത്മകഥയിൽ രേഖപ്പെടുത്തിയ കാര്യങ്ങളായത് കൊണ്ടാണ് ഈ വിഷയത്തിൽ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരാൾക്കെതിരെ വ്യക്തമായ ആരോപണമാണെങ്കിൽ സി.ആർ.പി.സി 319-ാം വകുപ്പ് പ്രകാരം പ്രതി ചേർക്കാനാവും. ചേകന്നൂരിന്‍റെ ഭാര്യയുടെയും മറ്റൊരു സാക്ഷിയുടെയും മൊഴികളുടെ അടിസ്ഥാനത്തിലാണ് പ്രതി ചേർത്തത്. പ്രതിക്ക് കുറ്റപത്രം വായിച്ച് കേൾപ്പിച്ച ശേഷം വിചാരണയിലാണ് ഒരാൾ കുറ്റവാളിയാണോ ശിക്ഷിക്കണോ വെറുതേവിടണോ എന്ന് തീരുമാനിക്കാൻ കോടതിക്ക് സാധിക്കൂവെന്നും കെമാൽപാഷ പറഞ്ഞു.

കേസിലെ ഒന്നാം സാക്ഷിയായി വിസ്തരിച്ച ചേകന്നൂർ മൗലവിയുടെ ഭാര്യ നിരവധി ആരോപണങ്ങൾ കാന്തപുരം മുസ്‍ലിയാരെ കുറിച്ച് പറഞ്ഞിട്ടുണ്ട്. ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ കാന്തപുരം കേസിൽ പ്രതിയാണെന്നാണ് താൻ വിചാരിച്ചത്. കൊലക്കേസുകൾ മുൻകൂട്ടി വായിച്ച് താൻ കോടതിയിൽ പോകാറില്ല. കാന്തപുരത്തെ തനിക്ക് മുൻ പരിചയമില്ലായിരുന്നു. കോടതിയിൽ കുറേ തലേക്കെട്ടുകാർ ഉണ്ടായിരുന്നു. അവരെ ചൂണ്ടിക്കാട്ടി ഇതിലേതാണ് കാന്തപുരമെന്ന് താൻ ചോദിച്ചു. കാന്തപുരം പ്രതിയല്ലെന്ന് മറുപടി പറഞ്ഞു.

പ്രതിയല്ലാത്ത ആളിനെതിരെയാണോ പറയുന്നതെന്ന് തിരിച്ചു ചോദിച്ചു. മറ്റ് ചില സാക്ഷികളും കാന്തപുരത്തിന്‍റെ പേര് പറഞ്ഞു. ഈ സാഹചര്യത്തിലാണ് 319-ാം വകുപ്പ് പ്രകാരം കാന്തപുരം മുസ്‍ലിയാരെ പ്രതി ചേർത്തത്. അത് ശരിയായ ഉത്തരവായിരുന്നു. ഉത്തരവിനെതിരെ കാന്തപുരം ഹൈകോടതിയെ സമീപിച്ചു. പ്രതിയാക്കാൻ പോകുന്ന ആളെ വിളിച്ച് ക്രോസ് ചെയ്യണമെന്നാണ് ഹൈകോടതി ഉത്തരവിട്ടത്. തെറ്റായ ഉത്തരവാണിത്. കാന്തപുരത്തെ പ്രതി ചേർക്കാനുള്ള തന്‍റെ ഉത്തരവ് വെക്കേറ്റ് ചെയ്തതിൽ പരാതിയില്ല.

നാല് വർഷത്തിന് ശേഷം സമാനമായ മറ്റൊരു കേസിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചിരുന്നു. ആരെയും വിസ്തരിക്കേണ്ടെന്നും ആരോപണമുണ്ടെങ്കിൽ പ്രതി ചേർക്കാമെന്നുമാണ് സുപ്രീംകോടതി അന്ന് വിധിച്ചത്. ഈ വിധി പ്രകാരം ചേകന്നൂർ കേസിൽ കാന്തപുരത്തെ പ്രതി ചേർക്കാനുള്ള തന്‍റെ പഴയ വിധി ശരിയെന്ന് വ്യക്തമാക്കപ്പെട്ടു.

കാന്തപുരം വലിയ ആളാണ്. അത്തരം ആളുകൾക്കെതിരെ നമ്മുടെ നാട്ടിൽ നിയമം പാടില്ല. നിയമം എന്നത് പാവങ്ങൾക്കുള്ളതാണ്, പണക്കാർക്കുള്ളതല്ല. കാന്തപുരത്തിനെതിരെ ഗൂഢാലോചന നടത്തിയിട്ട് തനിക്ക് ഒന്നും കിട്ടാനില്ല. ഈ കാര്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ചേകന്നൂർ മൗലവി കേസ് അടക്കം രണ്ട് കേസുകൾ പരിഗണിക്കുന്നതിൽ നിന്ന് ഒഴിവാക്കാൻ മാത്രമാണ് സർവിസിലിരിക്കെ താൻ ആവശ്യപ്പെട്ടിട്ടുള്ളത്. മുതിർന്ന ജഡ്ജി അഭിപ്രായപ്പെട്ടതോടെയാണ് ചേകന്നൂർ കേസിൽ നിന്ന് മാറ്റാൻ അപേക്ഷ നൽകിയതെന്നും കെമാൽപാഷ വ്യക്തമാക്കി.

കമാലിയ ട്രസ്റ്റിനെയും തന്നെയും ബന്ധപ്പെടുത്തി കാന്തപുരത്തിന്‍റെ മകൻ തനിക്കെതിരെ കേസ് കൊടുത്തു. ട്രസ്റ്റിന്‍റെ യോഗത്തിൽ താൻ പങ്കെടുത്തുവെന്നുള്ള വ്യാജ മിനിറ്റ്സ് ഉണ്ടാക്കി. ട്രസ്റ്റ് യോഗം നടന്ന ദിവസം ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണനൊപ്പം താൻ നാഷണൽ ജുഡീഷ്യൽ അക്കാദമിയിൽ ആയിരുന്നു. ഇക്കാര്യം താൻ രേഖാമൂലം ഹൈകോടതിയിൽ എഴുതി നൽകി. വ്യാജരേഖ തയാറാക്കിയതിന് പരാതിക്കാർക്കെതിരെ കേസെടുത്തിരുന്നു. അതിന്‍റെ നടപടികൾ എന്തായെന്ന് അറിയില്ല.

വർഷങ്ങൾക്ക് ശേഷം കാന്തപുരത്തിന്‍റെ ആവശ്യ പ്രകാരം കാക്കനാട്ടെ സ്ഥാപനത്തിൽ വിളിച്ചവരുത്തി പ്രസംഗിപ്പിച്ചിട്ടുണ്ട്. വീണ്ടും പല തവണ ക്ലാസെടുക്കാനായി വിളിച്ചിരുന്നെങ്കിലും സമയമില്ലാത്തതിനാൽ പോയിരുന്നില്ല. രണ്ട് ദിവസം മുമ്പ് കാന്തപുരം പരിപാടിയിൽ പങ്കെടുക്കാൻ കൊച്ചിയിൽ വരുന്നുണ്ടെന്നും അദ്ദേഹത്തോടൊപ്പം പങ്കെടുക്കണമെന്നും ബന്ധപ്പെട്ടവർ ആവശ്യപ്പെട്ടിരുന്നു. ആത്മകഥയിൽ ഇതെല്ലാം എഴുതിവച്ച ശേഷമാണ് ഈ പണി കാണിക്കുന്നത്. അതെല്ലാം ചതിവാണെന്നും കെമാൽപാഷ പറഞ്ഞു.

കോഴിക്കോട്ടെ മർക്കസിലേക്ക് പല തവണ ക്ഷണിച്ചിട്ടുണ്ട്. മർക്കസിനെ കുറിച്ചും വയനാട് ഭാഗത്തെ വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചും നിരവധി സാമ്പത്തിക ആരോപണങ്ങൾ ഉള്ളതിനാൽ സമയമില്ലെന്ന് പറഞ്ഞ് താൻ ഒഴിവായെന്നും വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ കെമാൽപാഷ വ്യക്തമാക്കി.

Tags:    
News Summary - Justice Kemalpasha showed unnecessary haste to add accused in the Chekannur case -Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.