കെ -റെയില്‍ പദ്ധതിയുടെ വിശദമായ പഠന റിപ്പോര്‍ട്ട് (ഡി.പി.ആര്‍) കൃത്രിമവും കെട്ടിച്ചമച്ചതുമാണെന്ന വസ്തുത പുറത്തുവന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി ഡി.പി.ആര്‍ പുറത്തുവിടണമെന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. കെ -റെയിലിന്‍റെ പ്രാഥമിക സാധ്യതാപഠനം നടത്തിയ സംഘത്തിന്‍റെ തലവന്‍ അലോക് കുമാര്‍ വര്‍മയുടേതാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
വ്യാജ ഡി.പി.ആറിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഉടനീളം ഇപ്പോള്‍ കല്ലിട്ട് ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനെതിരേ ഉയര്‍ന്ന ജനരോഷം പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഡി.പി.ആര്‍ രഹസ്യരേഖയാക്കി വച്ചിരിക്കുന്നതു തന്നെ ഇതിലെ ദുരൂഹതകള്‍ പുറത്തുവരുമെന്നു ഭയന്നാണ്. ഡി.എം.ആർ. സി നേരത്തെ തയാറാക്കിയ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ പ്രോജക്ട് കോപ്പിയടിച്ചതാണ് ഇതെന്നുവരെ ആരോപണമുണ്ട്. 80 ശതമാനം മണ്ണിട്ട് നികത്തിയ പാതയിലൂടെ കെ -റെയില്‍ ഓടിക്കുമെന്നാണ് പറയുന്നത്. പ്രളയ, ഭൂകമ്പ സാധ്യതകളും ഭൂഘടന, നീരൊഴുക്ക് തുടങ്ങിയ ഘടകങ്ങളുമൊന്നും ഡി.പി.ആറിലില്ല. സാമൂഹിക ആഘാത പഠനമോ പാരിസ്ഥിതിക പഠനമോ നടത്താതെയാണ് പദ്ധതിയുമായി മുന്നോട്ടുപോകുന്നത്. മൂന്നു പ്രളയത്തെ അതിജീവിച്ച സംസ്ഥാനത്തിന് വ്യാജ ഡി.പി.ആറിന്‍റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതികള്‍ താങ്ങാവുന്നതല്ല.
124,000 കോടി രൂപ മുടക്കി നടപ്പാക്കുന്ന കെ -റെയില്‍ പദ്ധതി 110,000 കോടി രൂപ ചെലവു വരുന്ന മുംബൈ- അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയേക്കാള്‍ ചെലവേറിയതാണ്. കേരളത്തിനു താങ്ങാനാവാത്തതും രാജ്യത്തെ ഏറ്റവും ചെലവേറിയതുമായ ഈ പദ്ധതി ഉരുക്കുമുഷ്ടി ഉപയോഗിച്ച് നടപ്പാക്കുന്നത് ആരുടെ താത്പര്യം സംരക്ഷിക്കാനാണെന്ന് ഉമ്മന്‍ ചാണ്ടി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.