തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്റെ അഭിമാനപദ്ധതിയായ കെ-സ്റ്റോറിനോട് മുഖംതിരിച്ച് റേഷൻ വ്യാപാരികൾ. പദ്ധതി ഉദ്ഘാടനം ചെയ്ത് രണ്ട് വർഷമാകുമ്പോൾ 13893ൽ 1779 റേഷൻ കടകൾ മാത്രമാണ് സഹകരിക്കാൻ മുന്നോട്ടുവന്നത്. വാഗ്ദാനങ്ങളിൽനിന്ന് ഭക്ഷ്യവകുപ്പ് പിൻവാങ്ങിയതും ഓൺലൈൻ സേവനങ്ങൾക്ക് വേണ്ടത്ര പരിജ്ഞാനം ലൈസൻസികൾക്കും സെയിൽസ്മാൻമാർക്കും ഇല്ലാത്തതുമാണ് തിരിച്ചടിയായത്.
മുഖ്യമന്ത്രി 2023 മേയിൽ പദ്ധതി ഉദ്ഘാടനം ചെയ്യുമ്പോൾ ‘കേരളത്തിന്റെ സ്വന്തം സ്റ്റോർ’ വഴി അഞ്ച് സേവനങ്ങളാണ് ഉറപ്പ് നൽകിയത്. അതിൽ പ്രധാനം സപ്ലൈകോയിലേതുപോലെ കെ-സ്റ്റോറിലും 13 ഇന സബ്സിഡി ഉൽപനങ്ങൾ ലഭിക്കുമെന്നായിരുന്നു. സാമ്പത്തികപ്രതിസന്ധിയെ തുടർന്ന് സപ്ലൈകോയിൽപോലും സബ്സിഡി സാധനം കിട്ടാക്കനിയായതോടെ കെ-സ്റ്റോറിലെ ‘സബ്സിഡി’ ജലരേഖയായി.
ഫോണ്‍, വൈദ്യുതി ബില്ലുകൾ, വെള്ളക്കരം എന്നിവ ഓണ്‍ലൈനായി അടയ്ക്കാനും മൈക്രോ എ.ടി.എം വഴി ഒരാള്‍ക്ക് 10,000 രൂപ വരെ അക്കൗണ്ടില്‍നിന്ന് പിന്‍വലിക്കാനും നിക്ഷേപിക്കാനും പുറമെ അക്ഷയ കേന്ദ്രങ്ങളിലെ സേവനങ്ങളും ലഭ്യമാകുമെന്ന് അറിയിച്ചെങ്കിലും റേഷൻ വ്യാപാരികളിൽ നല്ലൊരു ശതമാനവും ഇതിന് തയാറാകുന്നില്ല. മൈക്രോ എ.ടി.എം സംവിധാനത്തില്‍ തെറ്റ് സംഭവിച്ചാല്‍ പണം നഷ്ടമാകുമെന്ന ഭീതിയാണ് പലരെയും പിന്നോട്ടടിച്ചത്.
വൈദ്യുതി ബില്ലും വെള്ളക്കരവും അടയ്ക്കാനുള്ള സൗകര്യം ഗൂഗിൾ പേ പോലുള്ള യു.പി.എ പ്ലാറ്റ്ഫോം വഴി കാർഡുടമകൾക്ക് നേരിട്ട് കൈകാര്യം ചെയ്യാമെന്നതിനാൽ കാര്യമായ സാമ്പത്തിക പ്രയോജനമില്ലെന്ന് വ്യാപാരികൾ പറയുന്നു. 53 ശബരി ഉൽപന്നങ്ങളാണ് കെ-സ്റ്റോര്‍ വഴി വില്‍ക്കുന്ന്. ഇതില്‍ ഭൂരിഭാഗം ഉൽപന്നങ്ങള്ക്കും ആവശ്യക്കാരില്ല. ആവശ്യക്കാരുള്ള ഭക്ഷ്യ എണ്ണയാകട്ടെ കിട്ടാനുമില്ല. വീട്ടുപടിക്കല്‍ സാധനങ്ങള്‍ എത്തിച്ചുതരുന്ന സ്വകാര്യ കമ്പനികളുടെ മാര്‍ക്കറ്റിങ് തന്ത്രവും കെ-സ്റ്റോറുകള്‍ ആരംഭിക്കുന്നതിൽനിന്ന് വ്യാപാരികളെ പിന്നോട്ടടിക്കുന്നുണ്ട്.
തിരുവനന്തപുരം 116
കൊല്ലം 84
പത്തനംതിട്ട 90
ആലപ്പുഴ 83
കോട്ടയം 139
ഇടുക്കി 151
എറണാകുളം 158
തൃശൂർ 513
പാലക്കാട് 130
മലപ്പുറം 85
കോഴിക്കോട് 69
വയനാട് 37
കണ്ണൂർ 96
കാസർകോട് 28
ആകെ 1779
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.