മോദിയുടെ മുഖമുദ്ര വെറുപ്പിന്റെ രാഷ്ട്രീയം, മുസ്‍ലിംകളെ തഴഞ്ഞത് ധിക്കാരം -കെ. സുധാകരന്‍ എം.പി

കണ്ണൂർ: മൂന്നാം മോദി സര്‍ക്കാര്‍ അധികാരമേൽക്കുമ്പോള്‍ രാജ്യത്തെ മുസ്‍ലിം ജനവിഭാഗത്തെ പൂര്‍ണമായി ഒഴിവാക്കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. വെറുപ്പിന്റെ രാഷ്ട്രീയമാണ് മോദിയുടെ മുഖമുദ്രയെന്നും പച്ചയായ വര്‍ഗീയതയാണ് കൊടിക്കൂറയെന്നും അദ്ദേഹം പറഞ്ഞു.

ഒരു എം.പി പോലും ബി.ജെ.പിക്ക് മുസ്‍ലിം ജനവിഭാഗത്തില്‍ നിന്നില്ല. മുസ്‍ലിം ജനവിഭാഗത്തെ മൃഗീയമായി കടന്നാക്രമിച്ചാണ് മോദി അധികാരത്തിലേറിയത്. കൊടിയ മതവിദ്വേഷവും വിഷവുമാണ് മോദി ചീറ്റിയത്. നുഴഞ്ഞു കയറ്റക്കാര്‍, കൂടുതല്‍ കുട്ടികളുള്ളവര്‍, കെട്ടുതാലിവരെ പിടിച്ചെടുക്കും തുടങ്ങിയ വേദനിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങളാണ് മോദി നടത്തിയത്. ഇത്രയും വിഷലിപ്തമായ വാക്കുകളും പച്ചക്കുള്ള വര്‍ഗീയതയും ഒരു ഭരണാധികാരിയും പ്രയോഗിച്ചിട്ടില്ല.

അതിനെ തെരഞ്ഞെടുപ്പുമായി കൂട്ടിക്കെട്ടി വായിച്ചവര്‍ക്കുപോലും ഇപ്പോള്‍ നാവുപൊങ്ങുന്നില്ല. 2002 ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍നിന്നുപോലും പാഠം പഠിക്കാത്ത മോദിയില്‍നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കരുതെന്ന് വീണ്ടും വ്യക്തമാണ്. മതേതര ജനാധിപത്യ രാഷ്ട്രത്തിൽ വലിയ ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തിയാണ് മോദി എന്നും പൊതുപ്രവര്‍ത്തനം നടത്തിയിട്ടുള്ളത്. എല്ലാവരുടെയും സുസ്ഥിതി, എല്ലാവരെയും വിശ്വാസത്തില്‍, എല്ലാവരോടുമൊപ്പം തുടങ്ങിയ മോദിയുടെ വാക്കുകള്‍ക്ക് പഴഞ്ചാക്കിന്റെ വിലപോലുമില്ല.

മോദിയെന്ന ഏകാധിപതിക്ക് രാജ്യം മൂക്കുകയറിട്ടിരിക്കുകയാണെന്ന് അദ്ദേഹം തിരിച്ചറിയണം. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം എന്നത് സാമാന്യമര്യാദയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രതിപക്ഷമാണ് ഇന്നു രാജ്യത്തുള്ളത്. എല്ലാ ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച് ഇൻഡ്യ മുന്നണിയും അതിനു നേതൃത്വം നൽകുന്ന കോണ്‍ഗ്രസും മുന്നോട്ടുപോകുമെന്ന് സുധാകരന്‍ പറഞ്ഞു.

Tags:    
News Summary - K sudhakaran against narendra modi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.