1. കെ. സുധാകരൻ എം.പി, ഓർഗനൈസറിൽ ബെന്നി ബഹനാന്റെ ഫോട്ടോവെച്ച് വന്ന വാർത്ത
തിരുവനന്തപുരം: മുസ്ലീംകള്‍ക്കു പിന്നാലെ സഭയെ വേട്ടയാടുന്നതിന് നാന്ദിയായുള്ള കളമൊരുക്കുകയാണിപ്പോഴെന്ന് കെ.പി.സി.സി പ്രസിഡന്റ കെ. സുധാകരൻ എം.പി. പച്ചക്കള്ളങ്ങളും വര്‍ഗീയതയും കുത്തിനിറച്ച് ആർ.എസ്.എസിന്റെ ഓർഗനൈസറിൽ ലേഖനം വന്നുകൊണ്ടിരിക്കുകയാണ്.
വഖഫ് ബില്ലില്‍ പ്രതിഷേധിച്ച് ബെന്നി ബെഹനാന്‍ എം.പി. രാജിവച്ചെന്ന് അദ്ദേഹത്തിന്റെ ഫോട്ടോ വച്ച് കള്ളപ്രചാരണം നടത്തുന്ന പ്രസിദ്ധീകരണമായി ഓര്‍ഗനൈസര്‍ മാറി. ക്രിസ്ത്യാനികളും മുസ്ലീംകളും രാജ്യത്തിന്റെ ശത്രുക്കളാണെന്ന് ആര്‍.എസ്.എസ് മുഖ്യനായിരുന്ന മാധവ് ഗോള്‍വാക്കര്‍ 1966ല്‍ ബഞ്ച് ഓഫ് തോട്ട്‌സ് എന്ന തന്റെ പുസ്തകത്തില്‍ പറഞ്ഞിട്ടുള്ളത് യാഥാര്‍ത്ഥ്യമാക്കുന്നു എന്നതിന്റെ സൂചനകളാണ് ലേഖനത്തില്‍ ഉള്ളതെന്നും സുധാകരന്‍ ചൂണ്ടിക്കാട്ടി.
വഖഫ് ബില്‍ പാസാക്കിയതോടെ കത്തോലിക്കാ സഭയുടെ സ്വത്തുക്കൾ പിടിച്ചെടുക്കാന്‍ ബി.ജെ.പി നീക്കം ആരംഭിച്ചിരിക്കയാണ്. ‘ഓര്‍ഗനൈസറി’ല്‍ പ്രസിദ്ധീകരിച്ച ലേഖന പ്രകാരം കത്തോലിക്കാ സഭയുടെ പക്കല്‍ 20,000 കോടി രൂപയുടെ സ്വത്തും 17.29 കോടി ഏക്കര്‍ ഭൂമിയും ഉണ്ട്. സംശയാസ്പദമായ രീതിയിലാണ് സഭക്ക് ഇത്രയധികം സ്വത്ത് ലഭിച്ചത്. ബ്രിട്ടീഷ് ഗവണ്മന്റ് നല്കിയ ഭൂമി സഭയുടെതല്ലെന്ന് സര്‍ക്കുലര്‍ ഉണ്ടെങ്കിലും തൃപ്തികരമായ രീതിയില്‍ അവ പിടിച്ചെടുക്കാനിയില്ല. ഭൂമിയുടെ നിയമസാധുത തന്നെ ചോദ്യം ചെയ്യപ്പെടുകയാണെന്നും ആര്‍.എസ്.എസ് മുഖപത്രം പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ 2021ലെ ഗവ. ലാന്‍ഡ് ഇന്‍ഫര്‍മേഷന്‍ പ്രകാരം സഭക്ക് 2457 ആശുപത്രികളും 240 മെഡിക്കല്‍ കോളജുകളും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുമുണ്ട്. ഏറ്റവും കൂടുതല്‍ ആസ്തിയുള്ള സര്‍ക്കാരിതര ഏജന്‍സിയാണ് സഭ. മതപരിവര്‍ത്തനത്തിനാണ് ഇത് ദുരുപയോഗം ചെയ്യുന്നത്. ഗോത്രവര്‍ഗക്കാരുടെ ഭൂമി സഭക്ക് കൈമാറിയ നിരവധി കേസുകള്‍ പുറത്തുവന്നിട്ടുണ്ട്. വഖഫ് ഭൂമിയേക്കാല്‍ കൂടുതലാണ് സഭയുടെ ആസ്തി. 'ആര്‍ക്കാണ് കൂടുതല്‍ ഭൂമി, പള്ളിക്കോ വഖഫ് ബോര്‍ഡിനോ' എന്നാണ് ലേഖനത്തിന്റെ തലക്കെട്ട്. മുസ്ലീംകള്‍ക്കു പിന്നാലെ സഭയെ വേട്ടയാടുന്നതിന് നാന്ദിയായുള്ള കളമൊരുക്കുകയാണിപ്പോഴെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.