കല്ലടിക്കോട്: പാലക്കാട് പനയമ്പാടത്ത് ലോറിക്കടിയിൽപെട്ട് മരിച്ച വിദ്യാർഥികൾക്ക് കണ്ണീരോടെ വിടനൽകി നാടും കൂട്ടുകാരും. തുപ്പനാട് കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വച്ച മൃതദേഹങ്ങൾ തുപ്പനാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഒറ്റ ഖബറിൽ മറവുചെയ്തു. ഒരു വലിയ ഖബർ നാലായി തിരിച്ചാണ് മൃതദേഹങ്ങൾ അടക്കം ചെയ്തത്.
പുലർച്ചെയോടെയാണ് കരിമ്പ തുപ്പനാട് ചെറുള്ളി സ്വദേശികളായ ഇർഫാന ഷെറിൻ, റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ എന്നിവരുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം വീടുകളിൽ എത്തിച്ചത്. അവിടെ കുടുംബാംഗങ്ങളും അയൽവാസികളും കുട്ടികളെ അവസാനമായി കണ്ടു.
റിദ ഫാത്തിമ, നിദ ഫാത്തിമ, ആയിഷ, ഇർഫാന ഷെറിൻ
തുടർന്ന് എട്ടരയോടെ പൊതുദർശനത്തിനായി തുപ്പനാട് കരിമ്പനക്കൽ ഓഡിറ്റോറിയത്തിലേക്ക് മൃതദേഹം എത്തിച്ചു. ജനപ്രതിനിധികൾ, പ്രദേശവാസികൾ, അധ്യാപകർ, സഹപാഠികൾ അടക്കമുള്ളവർ ആദരാഞ്ജലി അർപ്പിച്ചു. ഹാളിൽവച്ച് മയ്യത്ത് നമസ്കാരം നടന്നു. ശേഷം മൃതദേഹം തുപ്പനാട് ജുമാ മസ്ജിദിൽ എത്തിച്ച് മയ്യത്ത് നമസ്കാരത്തിന് ശേഷം ഖബർസ്ഥാനിൽ ഖബറടക്കി.
അപകടത്തിൽ മരിച്ച വിദ്യാർഥികളുടെ മൃതദേഹങ്ങൾ തുപ്പനാട് കരിമ്പനക്കൽ ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് എത്തിച്ചപ്പോൾ (ഫോട്ടോ: പി. അഭിജിത്ത്)
അതേസമയം, പാലക്കാട് പനയമ്പാടത്തെ അപകടത്തിൽ ഒരാൾ അറസ്റ്റിലായി. ലോറി ഡ്രൈവറും മലപ്പുറം സ്വദേശിയുമായ പ്രജീഷ് ജോണിനെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രജീഷ് ഓടിച്ച മഹാരാഷ്ട്ര രജിസ്ട്രേഷൻ ലോറി ഇടിച്ചാണ് സിമന്‍റ് ലോറി വിദ്യാർഥികളുടെ മുകളിലേക്ക് മറിഞ്ഞത്. അപകടത്തിന്‍റെ സി.സി.ടിവി ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ നടപടി സ്വീകരിക്കുമെന്ന് പൊലീസും മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
പാലക്കാട് -കോഴിക്കോട് ദേശീയപാതയിൽ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയിൽപെട്ടാണ് കരിമ്പ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ നാല് വിദ്യാർഥിനികൾ മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു സംഭവം.
പാലക്കാട് നിന്നും മണ്ണാർക്കാട്ടേക്ക് സിമൻറ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നിൽ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങൾക്കടിയിൽപ്പെട്ടാണ് കുട്ടികളുടെ മരണം. അപകടത്തിൽ നിന്ന് അജ്ന ഷെറിൻ എന്ന സഹപാഠി അത്ഭുതകരമായി രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.