കൽപറ്റ: യു.ഡി.എഫ് ഭരണസമിതിക്കെതിരെ കൽപറ്റ നഗരസഭയിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. യു.ഡി.എഫ് ബാന്ധവം അവസാനിപ്പിച്ച് ജനതാദൾ^യു ഇടതുപാളയത്തിലേക്ക് ചേക്കേറിയതിനെ തുടർന്നാണ് കൽപറ്റയിൽ ഭരണമാറ്റത്തിന് കളമൊരുങ്ങിയത്. ദളിെൻറ മുന്നണി മാറ്റത്തോടെ സംസ്ഥാനത്ത് ഇതാദ്യമായാണ് യു.ഡി.എഫിന് ഭരണത്തിൽനിന്ന് പടിയിറങ്ങേണ്ടിവന്നത്.
നഗരസഭാ ചെയർപേഴ്സൻ മുസ്ലിം ലീഗിലെ ഉമൈബ മൊയ്തീൻകുട്ടിക്കെതിരായ അവിശ്വാസ പ്രമേയം 13നെതിരെ 15 വോട്ടുകൾക്കാണ് പാസായത്. ജനതാദൾ-യു അംഗങ്ങളായ ഡി. രാജനും ബിന്ദു ജോസിനും പുറമെ കോൺഗ്രസ് വിമതനായി മത്സരിച്ച് ജയിച്ച സ്വതന്ത്രൻ ആർ. രാധാകൃഷ്ണനും എൽ.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്തു. വൈസ് ചെയർമാൻ കോൺഗ്രസിലെ പി.പി. ആലിക്കെതിരായ അവിശ്വാസവും 13^15 എന്ന നിലയിൽ പാസായി.
28 അംഗ കൗൺസിലിൽ 15 പേരുടെ പിന്തുണയുമായാണ് യു.ഡി.എഫ് നേരത്തേ, അധികാരത്തിലെത്തിയത്. കോൺഗ്രസിന് എട്ടും ലീഗിന് അഞ്ചും കൗൺസിലർമാരാണുള്ളത്. സി.പി.എമ്മിെൻറ പത്തും സി.പി.െഎയുടെ രണ്ടും അടക്കം ഇടതുപക്ഷത്തിന് 12 കൗൺസിലർമാരാണ് ഉണ്ടായിരുന്നത്. രണ്ടു ജെ.ഡി.യു അംഗങ്ങളും കോൺഗ്രസ് വിമതനും ചേർന്നതോടെ എൽ.ഡി.എഫിനിപ്പോൾ 15 പേരുടെ പിന്തുണയായി.
ചെയർപേഴ്സൻ സ്ഥാനം വനിത സംവരണമായ കൽപറ്റയിൽ വൈസ് ചെയർമാൻ സ്ഥാനം ആർ. രാധാകൃഷ്ണന് എൽ.ഡി.എഫ് വാഗ്ദാനം ചെയ്തിട്ടുണ്ട്. യു.ഡി.എഫിലെ ധാരണ പ്രകാരം ആദ്യ ഒരുവർഷം മുനിസിപ്പൽ ചെയർപേഴ്സനായത് ജെ.ഡി.യുവിലെ ബിന്ദു ജോസായിരുന്നു. ലീഗിെൻറ രണ്ടുവർഷം കഴിഞ്ഞ് അവസാന രണ്ടു വർഷം കോൺഗ്രസിന് ചെയർപേഴ്സൻ സ്ഥാനം നൽകാനായിരുന്നു മുന്നണിയിലെ ധാരണ. എന്നാൽ, അവിശ്വാസം പാസായതോടെ സി.പി.എം പ്രതിനിധി ചെയർപേഴ്സനാവും. കൽപറ്റ നഗരസഭയിൽ ഭരണത്തിലെത്തിയതോടെ ജില്ലയിലെ മൂന്ന് നഗരസഭകളിലും ഇടതു ഭരണമായി.
എം.പി. വീരേന്ദ്രകുമാറിെൻറ വിപ്പ് അനുസരിച്ച് ഇടതുപക്ഷത്തെ പിന്തുണച്ച ജനതാദൾ അംഗങ്ങൾ ജെ.ഡി.യു നിതീഷ്കുമാർ വിഭാഗം സംസ്ഥാന പ്രസിഡൻറ് എ.എസ്. രാധാകൃഷ്ണൻ നൽകിയ വിപ്പ് ഗൗനിച്ചില്ല. ദേശീയതലത്തിൽ ജനതാദൾ^യു നേതൃത്വവുമായി തെറ്റിപ്പിരിഞ്ഞ് നിൽക്കുന്ന വീരേന്ദ്രകുമാർ വിഭാഗത്തിന് പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച കൗൺസിലർമാർക്ക് വിപ്പു നൽകാൻ അവകാശമില്ലെന്നും വിപ്പ് ലംഘിച്ചവർക്കെതിരെ തെരഞ്ഞെടുപ്പു കമീഷനെ സമീപിക്കുമെന്നും നിതീഷ്കുമാർ വിഭാഗം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.