wകണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി പ്രസിഡൻറ് െക. സുധാകരനും തമ്മിലുള്ള ചവിട്ടിവീഴ്ത്തൽ - തട്ടിക്കൊണ്ടുപോകൽ ചർച്ച ചൂടുപിടിക്കവെ, പിണറായി വിജയനിൽ നിന്ന് വടിവാൾ വെട്ടേറ്റതിെൻറ ഓർമ പറഞ്ഞ് മുതിർന്ന കോൺഗ്രസ് നേതാവ് പിണറായിയിലെ കണ്ടോത്ത് ഗോപി. 73കാരനായ നിലവിൽ കണ്ണൂർ ഡി.സി.സി മെമ്പർ കൂടിയായ കണ്ടോത്ത് ഗോപി സംഭവം വിവരിക്കുന്നത് ഇങ്ങനെ:
അടിയന്തിരാവസ്ഥക്ക് ശേഷം 1977ലാണ് സംഭവം. തീയതി കൃത്യമായി ഓർക്കുന്നില്ല. പിണറായി ദിനേശ് ബീഡി സൊൈസറ്റിയിൽ അടിയന്തിരാവസ്ഥ കാലഘട്ടത്തിൽ 26 ലേബൽ തൊഴിലാളികളെ ജോലിക്ക് എടുത്തിരുന്നു. അവർ എല്ലാവരും കോൺഗ്രസിന്റെ ആളുകളായിരുന്നു. ഇവരെ അടിയന്തിരാവസ്ഥക്ക് ശേഷം ഇവരെ പിരിച്ചുവിട്ടു. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വത്തിൽ തൊഴിലാളികളെയും കൂട്ടി കാൽനട പ്രചാരണ ജാഥ നടത്താൻ തീരുമാനിച്ചു. ഞാനായിരുന്നു ജാഥാ ലീഡർ. അതിെൻറ ഉദ്ഘാടനം പിണറായി ടൗണിൽ ഓലയമ്പലം ബസാറിലായിരുന്നു തീരുമാനിച്ചത്.
സമയം രാവിലെ 10 മണിക്ക് കഴിഞ്ഞ് ഉദ്ഘാടനം തുടങ്ങാനിരിക്കെ ഞാനും സുരേന്ദ്രബാബു എന്ന ബാബു മാഷും ഉൾപ്പെടെയുള്ളവർ ഓലയമ്പലം ബസാറിൽ നിൽക്കുകയായിരുന്നു. ആ സമയത്ത് പെട്ടെന്ന് പിണറായി വിജയൻ, അച്ചൂട്ടി, പപ്പടം വാസു, വേലായുധൻ നമ്പ്യാർ തുടങ്ങി 10ലധികം ആളുകൾ ആയുധധാരികളായി ഞങ്ങളുടെ നേർക്ക് വന്നു. 'നീയാണോ ജാഥാ ലീഡർ' എന്ന് പറഞ്ഞ് പിണറായി വിജയൻ എെൻറ നേരെ വാൾ വീശി. സുരേന്ദ്രബാബു പിടിച്ചുവെക്കാൻ നോക്കി. എങ്കിലും വെട്ട് തടുക്കാൻ ശ്രമിച്ച എന്‍റെ വലതു കൈക്ക് മുറിവേറ്റു. അന്ന് പിണറായിയിൽ സി.ആർ.പി.എഫ് ക്യാമ്പ് ഉണ്ടായിരുന്നു.
സംഭവം അറിഞ്ഞ് സി.ആർ.പി.എഫുകാർ എത്തിയപ്പോൾ പിണറായി വിജയനും കൂടെയുണ്ടായിരുന്നവരും പലഭാഗത്തായി പിരിഞ്ഞു പോയി. ഞാൻ അപ്പോൾ തന്നെ എം.പി കൃഷ്ണൻ നായരെയും മറ്റും കൂട്ടി പിണറായി ഹെൽത്ത് സെൻററിൽ ചെന്ന് മുറിവ് തുന്നിക്കെട്ടി. ഭീഷണിക്ക് വഴങ്ങേെണ്ടന്ന് തീരുമാനിച്ച് ജാഥ തുടർന്നു. മൂന്നു ദിവസത്തെ ജാഥ പൂർത്തിയാക്കിയാലാണ് കേസെടുക്കാൻ പൊലീസിനെ സമീപിച്ചത്. വൈകിയെന്ന് പറഞ്ഞ് കേസെടുക്കാൻ പൊലീസ് കൂട്ടാക്കിയില്ല. പിന്നീട് തലശ്ശേരിയിലെ പ്രമുഖ ഡോക്ടർ ഉമ്മർകുട്ടിയുടെ അടുത്ത് ചികിൽസിച്ചാണ് മുറിവ് ഉണക്കിയതെന്നും കണ്ടോത്ത് ഗോപി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.