കണ്ണൂരിന് എം.പിമാർ ഒമ്പത്; കേരളത്തിൽ നമ്പർ വൺ

കണ്ണൂർ: പാർലമെന്‍റ് അംഗങ്ങളുടെ എണ്ണത്തിൽ കേരളത്തിൽ നമ്പർ വൺ ജില്ലയെന്ന ബഹുമതി കണ്ണൂരിന് സ്വന്തം. ഒന്നും രണ്ടുമല്ല; എട്ട് എം.പിമാരാണ് കണ്ണൂരിന് സ്വന്തമായുള്ളത്. സി.പി.ഐക്ക് ലഭിച്ച സീറ്റിൽ അഡ്വ. പി. സന്തോഷ് കുമാർ കൂടി രാജ്യസഭയിൽ എത്തുന്നതോടെ അത് ഒമ്പതായി ഉയരും. രാജ്യസഭയിൽ കണ്ണൂരുകാരുടെ എണ്ണം നിലവിൽ നാലാണ്.

കേന്ദ്ര മന്ത്രി വി. മുരളീധരൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ഡോ. വി. ശിവദാസൻ എന്നിവരാണ് കണ്ണൂരിൽനിന്നുള്ളത്. ഇവരുടെ കൂട്ടത്തിലേക്കാണ് സി.പി.ഐ കണ്ണൂർ ജില്ല സെക്രട്ടറി കൂടിയായ പി. സന്തോഷ് കുമാറും ചേരുന്നത്. ബ്രിട്ടാസും ശിവദാസനും സി.പി.എം ടിക്കറ്റിലാണ് എത്തിയതെങ്കിൽ വേണുഗോപാൽ കോൺഗ്രസി‍െൻറയും വി. മുരളീധരൻ ബി.ജെ.പിയുടെയും പ്രതിനിധിയാണ്.

വേണുഗോപാലും വി. മുരളീധരനും കേരളത്തിന് പുറത്തുനിന്നാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് എന്ന പ്രത്യേകത കൂടിയുണ്ട്. രാഹുൽ ഗാന്ധിയുടെ വലംകൈയായ വേണുഗോപാൽ കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ സിറ്റിങ് സീറ്റായ ആലപ്പുഴയിൽ മത്സരിക്കാതെ മാറിനിൽക്കുകയായിരുന്നു. പിന്നീട് പാർട്ടി ഹൈകമാൻഡി‍െൻറ പ്രത്യേക താൽപര്യപ്രകാരം രാജസ്ഥാനിൽനിന്നാണ് രാജ്യസഭയിൽ എത്തിയത്. കേരളത്തിൽ പ്രതിനിധിയില്ലാത്ത കുറവ് പരിഹരിക്കാൻ ബി.ജെ.പി കേന്ദ്ര നേതൃത്വത്തി‍െൻറ തീരുമാനപ്രകാരമാണ് വി. മുരളീധരൻ മഹാരാഷ്ട്ര വഴി രാജ്യസഭയിലെത്തി മന്ത്രിയായത്.

കണ്ണൂർ മണ്ഡലത്തി‍െൻറ ലോക്സഭയിലെ പ്രതിനിധി കെ.പി.സി.സി പ്രസിഡന്‍റ് കൂടിയായ കെ. സുധാകരനാണ്. സുധാകരനു പുറമെ, കണ്ണൂരുമായി ബന്ധപ്പെട്ട മൂന്നു പേർ കൂടിയുണ്ട് ലോക്സഭയിൽ. കോഴിക്കോട് എം.പി എം.കെ. രാഘവൻ കണ്ണൂരുകാരനാണ്. വടകര ലോക്സഭ മണ്ഡലത്തി‍െൻറ ഭാഗമായ തലശ്ശേരിയും കാസർകോട് ലോക്സഭ മണ്ഡലത്തിൽ പെടുന്ന പയ്യന്നൂരും കണ്ണൂർ ജില്ലയുടെ ഭാഗമാണ്.

ആ നിലക്ക് നോക്കിയാൽ വടകര എം.പി കെ. മുരളീധരനും കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനും കണ്ണൂരി‍െൻറ കൂടി പ്രതിനിധികളാണ്. മുഖ്യമന്ത്രിയുടെ സ്വന്തം ജില്ല കൂടിയായ കണ്ണൂർ എം.പിമാരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുമ്പോൾ വികസന വഴിയിൽ വലിയ കുതിപ്പാണ് ജില്ല പ്രതീക്ഷിക്കുന്നത്. കണ്ണൂർ വിമാനത്താവളത്തിൽ വിദേശവിമാനങ്ങൾക്ക് അനുമതി, അഴീക്കൽ തുറമുഖം ഉൾപ്പെടെ വലിയ സ്വപ്നങ്ങൾ ഇപ്പോഴും ബാക്കിയാണ്.

Tags:    
News Summary - Kannur has nine MPs; Number one in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.